ശബരിമലയിലെ ജീവനക്കാരുടെ പണമിടപാടുകളിൽ അന്വേഷണം. മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് റിപ്പോർട്ടിലാണ് നടപടി. ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷം രൂപയിലധികമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നത്.
മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന ദേവസ്വം ജീവനക്കാർ നടത്തിയ സംശയാസ്പദമായ പണമിടപാടുകളിൽ വിശദമായ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ശബരിമല സ്‌പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി. സന്നിധാനത്തെ എക്സിക്യൂട്ടീവ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ പുറത്തുവന്നത്. പോസ്റ്റ് ഓഫീസ്, സന്നിധാനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക് എന്നിവ വഴി നവംബർ 17 മുതൽ ജീവനക്കാർ നടത്തിയ പണമിടപാടുകളാണ് വിജിലൻസ് പരിശോധിച്ചത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ പോസ്റ്റ് ഓഫീസ് വഴി മാത്രം 14,08,880 രൂപയുടെ മണിഓർഡറുകൾ ജീവനക്കാർ അയച്ചതായി കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ജീവനക്കാരൻ 1,38,000 രൂപയും, മറ്റൊരു ജീവനക്കാരൻ 1,07,450 രൂപയും പോസ്റ്റ് ഓഫീസ് വഴി അയച്ചിട്ടുണ്ട്. ഇവരെക്കൂടാതെ മറ്റ് മൂന്ന് ജീവനക്കാരും സമാനമായ രീതിയിൽ വലിയ തുകകൾ കൈമാറ്റം ചെയ്തതായി കണ്ടെത്തി. 25,000 രൂപയ്ക്ക് മുകളിൽ അയച്ച അഞ്ച് ജീവനക്കാരുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാൻ വിജിലൻസ് നിർദേശിച്ചെങ്കിലും ജീവനക്കാർ ഹാജരായില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തണമെന്നാണ് നിർദേശം.