വീടിനുള്ളിലേക്ക് ഒതുങ്ങിപോകുന്ന വയോജനങ്ങളെ ആനന്ദിപ്പിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ആനന്ദവണ്ടി. വയോജനങ്ങളുമായി ദിവസവും വിനോദയാത്ര നടത്തുന്ന ആനന്ദവണ്ടി വിജയകരമായി മുന്നോട്ട് പോവുകയാണ്. ആനവണ്ടിയെ ആനന്ദവണ്ടിയാക്കിയ കോഴിക്കോട് കോര്‍പ്പറേഷന്‍റെ വിജയസൂത്രം അറിയാം
വാര്‍ധ്യകത്തിന്‍റെ ഒറ്റപ്പെടലില്‍ നിന്ന് വയോജനങ്ങളെ ആനന്ദിപ്പിക്കുന്ന യാത്ര തുടരുകയാണ് കോഴിക്കോട്ടെ ആനന്ദവണ്ടി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോഫ്ലോര്‍ ബസ് ആനന്ദവണ്ടിയായി നഗരത്തിലോടി തുടങ്ങുന്നത്. ആഴ്ചയില്‍ ആറു ദിവസവും കോര്‍പ്പറേഷനിലെ ഒരോ വാര്‍ഡുകളില്‍ നിന്നും വയോജനങ്ങളുമായി യാത്ര ആരംഭിക്കും. കപ്പാട് ,ബേപ്പൂര്‍,കടലുണ്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര. വാര്‍ധ്യകത്തെ മറന്ന് ആടിയും പാടിയും കളിയും ചിരിയുമായി ആനന്ദയാത്ര.
ആനന്ദവണ്ടിയുടെ യാത്ര പൂര്‍ണമായും സൗജന്യമാണ് . ലഘുഭക്ഷണവും ഉച്ചയൂണും യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമന്വയപദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേറ്റേഴ്സ് യാത്രയില്‍ ഉടനീളം സഹായത്തിന് ഒപ്പമുണ്ട്. വയോജനങ്ങള്‍ക്ക് അടക്കി വെച്ചിരുന്ന കഴിവുകള്‍ പലതും പുറത്തെടുക്കാനുള്ള വേദിയായി ആനന്ദവണ്ടി മാറും. ആനന്ദവണ്ടി ഹിറ്റായതോടെ കൂടുതല്‍ യാത്രകള്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട് നഗരത്തില്‍ ഒന്നിലധികം ആനന്ദവണ്ടികള്‍ തുടങ്ങാനാകുമോ എന്ന ആലോചനയിലാണ് പുതിയ ഭരണസമിതി പ്രായമേറി എന്നു പറഞ്ഞ് അവഗണിക്കാതെ വയോജനങ്ങളെ ആനന്ദവണ്ടി പോലുള്ള വയോജന സൗഹൃദ പദ്ധതിയിലൂടെ ചേര്‍ത്തു നിര്‍ത്തുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍