തീരദേശ സമൂഹങ്ങള്‍ തലമുറകളായി കൈമാറി വരുന്ന അറിവുകളും അവരുടെ അനുഭവ പരിചയവും കടലിന്‍റെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ രേഖകളാക്കി മാറ്റുന്ന ദൗത്യത്തിലാണ് തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറീന്‍ എന്ന കൂട്ടായ്മ. കടലിന്‍റെ അടിത്തട്ടിലേക്ക് ഡൈവ് ചെയ്ത്, ജൈവവൈവിധ്യങ്ങള്‍ ഡോക്യുമെന്‍റ് ചെയ്യുന്നതിനൊപ്പം, കടല്‍ ആവാസ്ഥ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും സംഘം നടത്തുന്നു. വലിയതുറയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന റോബര്‍ട്ട് പനിപ്പിള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രണ്ട്സ് ഓഫ് മറീന്‍ ലൈഫ്' ഐക്യരാഷ്ട്ര സഭയുടെ സ്പെഷ്യല്‍ അക്രഡിറ്റഡ് സംഘടന കൂടിയാണ്.