ആഗോള അയ്യപ്പ സംഗമം നടത്തിപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടം മൂന്നുകോടി 40 ലക്ഷം രൂപയെന്ന് സൂചന. ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് പരിപാടിക്ക് ദേവസ്വം ബോര്‍ഡ് മുന്‍കൂറായി മൂന്നുകോടി നല്‍കിയിരുന്നു. പണം സ്പോണ്‍സര്‍ഷിപ്പിലൂടെ വന്നില്ലെന്ന് വിവരം. അതേ സമയം സ്പോണ്‍സര്‍ഷിപ്പിലൂടെ 4 കോടി രൂപ കിട്ടിയെന്നും ബോര്‍ഡില്‍ നിന്നെടുത്ത 3 കോടി തിരിച്ചടച്ചിട്ടുണ്ടെന്നും  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. സ്പോണ്‍സര്‍മാര്‍ ഇനിയും തുക തരാനുണ്ട്. ഇതു കിട്ടുന്നതോടെ ബോര്‍ഡിന് ചെലവുണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

 

സംഗമത്തിന്റെ വരവുചെലവ് കണക്ക് ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ നിയമ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം താക്കീത് നല്‍കിയിരുന്നു. ഇതുവരെ നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതു പരിഗണിച്ച് സമയം അനുവദിക്കുകയായിരുന്നു.

 

സെപ്റ്റംബർ 20നായിരുന്നു പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടന്നത്. പരിപാടി പൂർത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്നു ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഒരു തവണ സമയം നീട്ടി നൽകിയിട്ടും കണക്കു ബോധിപ്പിക്കാത്ത സാഹചര്യത്തിലാണു കോടതി അതൃപ്തി അറിയിച്ചത്. ഓഡിറ്റ് പൂർത്തിയാകാത്തതിനാലാണു കാലതാമസം വന്നതെന്നാണു ദേവസ്വം ബോർഡിന്റെ വിശദീകരണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ കണക്ക് പൂർണമായും നൽകിയിട്ടില്ലെന്നും അതിനാലാണ് ഓഡിറ്റ് പൂർത്തിയാക്കാൻ വൈകുന്നതെന്നും ബോർഡ് അറിയിച്ചു. എന്നാൽ ബോർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കോടതി നേരത്തെ പറഞ്ഞു.

ENGLISH SUMMARY:

Global Ayyappa Sangamam has resulted in a significant financial loss for the Thiruvithamcore Devaswom Board, estimated at over three crore rupees. This loss is detailed in an audit report that will be submitted to the High Court, highlighting concerns over advance payments and unreceived sponsorships.