പി.എസ്.സി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയിട്ടും ജോലി ലഭിക്കാതെ മുന്‍ എസ്.എഫ്.ഐ നേതാവ്. സര്‍ക്കാരിനെയും പി.എസ്.സിയെയും സിപിഎം നേതാക്കളെയും പലവട്ടം സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്ന് ഉറുദു അസിസ്റ്റന്‍റ് പ്രഫസര്‍ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയിട്ടും ജോലി ലഭിക്കാതെ പോയ മലപ്പുറം പടിഞ്ഞാറ്റുംമുറിയിലെ എം.റഷീദ മനോരമ ന്യൂസിനോട് പറഞ്ഞു. കാലടി സംസ്കൃത സര്‍വകലാശായില്‍ എസ്എഫ്ഐയുടെ അസോസിയേഷന്‍ സെക്രട്ടറിയും അക്കാദമിക് കൗണ്‍സില്‍ അംഗവുമായിരുന്നു റഷീദ. പിഎസ്സി കാട്ടിയ അനീതിക്കു മുന്‍പില്‍ വിങ്ങിപ്പൊട്ടുകയാണ് അവരിപ്പോള്‍.
2023ല്‍ പൂര്‍ണ ഗര്‍ഭിണിയായിരിക്കുബോഴാണ് എം.റഷീദ പിഎസ്സി പരീക്ഷയെഴുതി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 7ന് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞു. ‘ഒന്നാം റാങ്കുകാരിക്കു പോലും നിയമനം നല്‍കാത്തതിലെ അനീതി പിഎസ്‌സിക്കൊപ്പം സര്‍ക്കാരിനെയും സിപിഎം നേതാക്കളെയുമെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞതോടെ വല്ലാത്ത നിരാശയിലാണ്...’ – റഷീദ പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാന്‍ പലവട്ടം ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല. ഇനിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് നീതി ലഭ്യമാക്കുമെന്ന ഒരു തരി പ്രതീക്ഷ റഷീദക്ക് ബാക്കിയുണ്ട്. പിഎസ്സിയില് നിന്ന് നീതി ലഭിക്കാതെ പോയ തന്നെ സമൂഹമാധ്യമങ്ങളിലെ സിപിഎം പ്രൊഫൈലുകളില്‍ നിന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നത് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തക എന്ന നിലയില്‍ റഷീദയെ ഏറെ വേദനിപ്പിക്കുന്നുണ്ട്.