കോഴിക്കോട്ട് സ്പാ ലൈസന്‍സിന്‍റെ മറവില്‍ പല മോശം പ്രവര്‍ത്തികളും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മേയര്‍ ഒ.സദാശിവന്‍. കോര്‍പറേഷന്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള സ്പാകളിലടക്കം നാളെ മുതല്‍ കര്‍ശന പരിശോധന നടത്തും. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്നും മേയര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്‍ കൊടുത്ത ലൈസന്‍സുകളും പരിശോധനയ്ക്ക് വിധേയമാക്കും. നന്നായി നടക്കുന്ന സ്ഥാപനങ്ങളുണ്ട്. പക്ഷേ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പാക്കലാണ് പരിശോധനയുടെ ലക്ഷ്യമെന്നു മേയര്‍ പറഞ്ഞു.
പരിശോധനയില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്തശേഷം സ്പാകളുടെ കാര്യത്തില്‍ ഭാവിയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നും മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും തീരുമാനിക്കുമെന്നും മേയര്‍ പറഞ്ഞു.
തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ ഗുണ്ടകള്‍ ബലാല്‍സംഗം ചെയ്ത സംഭവത്തോടെയാണ് സ്പാകള്‍ ശ്രദ്ധാകേന്ദ്രമായത്. തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് സ്പായില്‍ അഭിമുഖത്തിനെത്തിയ യുവതിയെ ആക്രമിക്കാന്‍ ശ്രമം ഉണ്ടായതും നടപടികള്‍ സജീവമാക്കി.