പി.എസ്.സിയേയും സർക്കാരിനേയും സിപിഎം നേതാക്കളേയും പലവട്ടം സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്ന് പിഎസ്‌സി ഉറുദു അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാതെ പോയ എം. റഷീദ. മനോരമ ന്യൂസിനോട് സംസാരിക്കവേയാണ് ഒന്നാം റാങ്ക് നേടിയ റഷീദ വികാരാധീനയായി സംസാരിച്ചത്.
'ഒന്നാംറാങ്ക് കിട്ടിയ എനിക്ക് പോലും ജോലി തരാന്‍ ഇല്ലെങ്കില്‍ കുട്ടികളോട് ടീച്ചറെന്ന നിലയില്‍ എന്താണ് ഞാന്‍ പറയേണ്ടത്. പിന്നെ എങ്ങനെയാണ് പഠിക്കണം പഠിക്കണം എന്ന് പറഞ്ഞ് കുട്ടികളെ പ്രോല്‍സാഹിപ്പിക്കുക. 2012 വരെ പഠിച്ചത് കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പല ജോലികളും ചെയ്തിട്ടാണ്. ഡോക്ടറാവണമെന്ന് ആഗ്രഹിച്ചു. പണമില്ലാത്തതിന്‍റെ പേരിലാണ് ആര്‍ട്ട്സ് സബ്ജെക്റ്റെടുത്ത് പഠിച്ചത്. ഞാനൊക്കെ ബിലോ പോവര്‍ട്ടിയില്‍ പെട്ട കുടുംബത്തിലാണ്. എന്താണ് ഞാന്‍ തഴയപ്പെടുന്നതെന്ന് ഓര്‍ക്കുമ്പോ കരച്ചില്‍ വരുന്നു.'– റഷീദ വിതുമ്പുന്നു.
കാലടി സംസ്‌കൃത സർവകലാശായിൽ എസ്എഫ്ഐയുടെ അസോസിയേഷൻ സെക്രട്ടറിയും അക്കാദമിക് കൗൺസിൽ അംഗമായിരുന്ന റഷീദ പിഎസ്‌സി കാട്ടിയ അനീതിക്കു മുൻപിൽ വിങ്ങിപ്പൊട്ടുകയാണ്. ബിരുദ, ബിരുദാനന്തര, എംഫിൽ പരീക്ഷകളിൽ ഒന്നാം റാങ്കുകാരി കൂടിയാണ് പിഎസ്‌സി അവഗണിച്ച റഷീദ. പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി 3 ദിവസം മുൻപ് പൂർത്തിയായിട്ടും ജോലി ലഭിക്കാതെ പോയ എം റഷീദ മനോരമ ന്യൂസിന് മുന്നിൽ വിങ്ങിപ്പൊട്ടുകയായിരുന്നു.