കാസർകോട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ. ആദൂർ സ്വദേശി രേഷ്മയാണ് മരിച്ചത്. ചിന്നു പപ്പു എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ചിന്നു കുറച്ചു നാളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കാസർകോട് ഭാഷയിലാണ് ചിന്നു വിഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകളാണ് കൂടുതലും ചെയ്തിരുന്നത്. പ്രമോഷൻ വിഡിയോകളും ചെയ്തിരുന്നു.
കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പൊലീസ് അറിയിച്ചു. വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നുവെന്നും വിവരമുണ്ട്.