പരസ്യ മദ്യപാനത്തിന് പൊലീസ് കേസെടുത്തതിനാൽ പള്ളി വികാരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പേട്ട സെൻ്റ് ആൻസ് പള്ളിയിൽ സംഘർഷം. കുർബാനയ്ക്കിടെയുള്ള പ്രതിഷേധത്തിന് പിന്നാലെ വിശ്വാസികൾ പള്ളിമേട പൂട്ടി. വികാരി ഫാദർ തിയോഡിഷ്യസ് ഡിക്രൂസ് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും സഭാ നേതൃത്വം ഇടപെടണമെന്നും ആവശ്യം.
വിശ്വാസികൾക്ക് വിശ്വാസമില്ലാത്ത വികാരി കുർബാന നയിക്കരുതെന്ന നിലപാട്. പരസ്യ മദ്യപാനത്തിന് പൊലീസ് കേസ്. സാമ്പത്തിക തിരിമറി. മോശം പെരുമാറ്റം തുടങ്ങി വികാരിക്കെതിരായ വിശ്വാസികളുടെ വികാരത്തിന് നിരവധി കാരണങ്ങളുണ്ട്.
രാവിലെ കുർബാനയ്ക്ക് പിന്നാലെ വിശ്വാസികൾ പള്ളിമേട പൂട്ടി. പള്ളി പരിസരത്ത് പ്രതിഷേധം തുടർന്നു. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. എതിർപ്പ് കനത്തതിനാൽ പത്ത് മണിയിലെ പ്രാർഥനാ ചടങ്ങുകളിൽ തിയോഡിഷ്യസ് ഡിക്രൂസ് പങ്കെടുത്തില്ല. വികാരിയെ മാറ്റണമെന്ന ആവശ്യം ശക്തമായതിനാൽ സഭാ നേതൃത്വവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. തനിക്കെതിരായ പൊലീസ് കേസ് ഉൾപ്പെടെ ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഫാദർ തിയോഡിഷ്യസ് ഡിക്രൂസിൻ്റെ പ്രതികരണം.