പൂത്തുലഞ്ഞു നിൽക്കുന്ന സൂര്യകാന്തികൾ കണ്ണിന് കുളിരു പകരുന്ന കാഴ്ചയാണ്. പലപ്പോഴും ഈ കാഴ്ച ആസ്വദിക്കാൻ തമിഴ്നാട് പോകേണ്ടിവരും. എന്നാൽ ഇടുക്കി ബൈസൺ വാലിയിൽ സൂര്യ കാന്തി കൃഷിയിൽ തുടർച്ചയായ മൂന്നാം തവണയും വിജയം കൊയ്തിരിക്കുകയാണ് കർഷകനും സംരഭകനുമായ ജിജോ.
സൂര്യകാന്തി വ്യാപകമായി കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ പൂപ്പാടങ്ങൾ കാണാൻ നിരവധി പേരാണ് ജില്ലയുടെ അതിർത്തി കടക്കുന്നത്. എന്നാലിനി ആ കാഴ്ചക്കായി ബൈസൺവാലിയിലെത്തിയാൽ മതി. ജലക്ഷാമം രൂക്ഷമായതോടെ നെൽ കൃഷി ചെയ്യാൻ കഴിയാത്തതിനാൽ പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ കൃഷിയാണ് വിജയം കണ്ടത്.
കുട്ടികൾക്കായി സമീപത്ത് ചെറിയൊരു പാർക്കും ജിജോ ഒരുക്കിയിട്ടുണ്ട്. നിരവധിപ്പേരാണ് പൂപ്പാടം കാണാൻ ഇവിടെക്കെത്തുന്നത്. ജിജോയുടെ കൃഷി വിജയമായതോടെ മറ്റ് കർഷകരും സൂര്യകാന്തി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്.