131-മത് മാരാമൺ കൺവെൻഷനായി പമ്പാ തീരമൊരുങ്ങി. നാളെ മുതൽ 15 വരെയാണ് കൺവെൻഷൻ. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷം പേർക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തൽ, കൺവെൻഷൻ നഗറിലേക്കുള്ള താൽക്കാലിക പാലങ്ങൾ, പ്രത്യേക കുട്ടിപ്പന്തൽ. കോഴഞ്ചേരി പാലത്തിനു താഴെ പമ്പ മണപ്പുറം മാരാമൺ കൺവെൻഷനായി പൂർണ്ണ സജ്ജം. നാളെ ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നതോടെ കൺവെൻഷന് തുടക്കമാകും. സഭയിലെ ബിഷപ്പുമാർക്ക് പുറമേ അമേരിക്കയിൽ നിന്നെത്തുന്ന ഡോ. ക്ലിയോഫസ് ജെ.ലാറു, സൗത്ത് ആഫ്രിക്കയിൽ നിന്നെത്തുന്ന റവ. മോളോ വിൽസൻ മെസവാൻഡിലേ, ന്യൂഡൽഹിയിൽ നിന്നെത്തുന്ന ബിഷപ്പ് ഡോ. പോൾ സ്വരൂപ് എന്നിവർ മുഖ്യ പ്രസംഗം നടത്തും.
ഉപയോഗശേഷം സൂക്ഷിച്ചു വയ്ക്കാവുന്ന തരം ബെയ്ലി മാതൃകയിലുള്ള പാലങ്ങളാണ് ഇത്തവണ പമ്പാ നദിക്ക് കുറുകെ പണിതിരിക്കുന്നത്. കൺവെൻഷന് എത്തുന്നവർക്കായി കെഎസ്ആർടിസി സമീപ ബസ് സ്റ്റാൻഡുകളിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.