raju-police

ചലച്ചിത്രനടൻ മണിയൻപിള്ള രാജുവിനെതിരായ വാഹനാപകട കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയില്ലെന്ന നിലപാടിൽ പോലീസ്. അപകടം ഉണ്ടാക്കിയ വാഹനം മണിയൻപിള്ള രാജുവിന്റേതാണെന്ന് തിരിച്ചറിഞ്ഞശേഷം രാത്രി രണ്ട് തവണ അദ്ദേഹത്തിൻറെ വീട്ടിലെത്തി അന്വേഷിച്ചു. ഗേറ്റും വീടും പൂട്ടിയ നിലയിൽ ആയിരുന്നു. സാധാരണ വാഹന അപകടക്കേസ് ആയതുകൊണ്ടാണ് വീട്ടിൽ കടന്നു കയറി പരിശോധിക്കാതിരുന്നത്. പകരം മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. 

 

മണിയൻപിള്ള രാജു ബന്ധു വീട്ടിലേക്ക് മാറിയതുകൊണ്ടാണ് രാത്രി കസ്റ്റഡിയില്‍ എടുക്കാൻ സാധിക്കാതെ വന്നത്. വാഹനാപകടക്കേസിൽ രാത്രിയിൽ വീട്ടിൽ കയറി കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യമില്ല എന്നാണ് പൊലീസിന്റെ വിശദീകരണം. അപകടത്തിൽപ്പെട്ടവരുടെ മൊഴിയെടുക്കല്‍ ഉൾപ്പെടെയുള്ള മറ്റു നിയമ നടപടികൾ എല്ലാം വേഗത്തിൽ പൂർത്തിയാക്കിയിരുന്നുവെന്നും മ്യൂസിയം പോലീസ് വിശദീകരിച്ചു. വീഴ്ച ഉണ്ടോയെന്ന് അന്വേഷിക്കാൻ കമ്മീഷണർ ചുമതലപ്പെടുത്തിയ ഡിസിപിക്ക് ഈ വിശദീകരണം നൽകാനാണ് പോലീസിന്റെ തീരുമാനം. 

 

അതേസമയം മണിയൻപിള്ള രാജു മദ്യപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ സാധിക്കുന്ന രക്തത്തിൻറെ ശാസ്ത്രീയ പരിശോധന ഫലം വരാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും. അതിനാൽ ഉടൻ ഒന്നും ഇനി മണിയൻപിള്ള രാജുവിനെ പോലീസ് ചോദ്യം ചെയ്തേക്കില്ല. അസുഖബാധിതനായതു മുതല്‍ മദ്യപിക്കാറില്ലെന്നാണ് ഇന്നലെ മണിയന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. 

ENGLISH SUMMARY:

Maniyanpilla Raju accident case is being handled by the police, who maintain there was no lapse in their procedure. The police explain that they visited his home twice after identifying the vehicle involved but found it locked, and further investigation was postponed due to the nature of the case and his temporary relocation.