ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ രാഷ്ട്രീയബന്ധത്തിലേക്ക് അന്വേഷണം. പോറ്റിയുടെ വീട്ടിലെ സന്ദര്‍ശകരേക്കുറിച്ച് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി കടകംപള്ളി സുരേന്ദ്രന്‍റെയും അടൂര്‍ പ്രകാശിന്‍റെയും സന്ദര്‍ശനം വെളിപ്പെടുത്തിയ അയല്‍ക്കാരന്‍റെ മൊഴിയെടുത്തു. എന്നാല്‍ അന്വേഷണം അട്ടിമറിച്ചതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ അയല്‍ക്കാരന്‍റെ ഈ വെളിപ്പെടുത്തല്‍ കടകംപള്ളി സുരേന്ദ്രനും അടൂര്‍ പ്രകാശിനും തലവേദനയാവുകയാണ്. രണ്ട് തവണ വിക്രമന്‍ നായരുടെ മൊഴിയെടുത്ത എസ്.ഐടി ഏതെല്ലാം നേതാക്കളാണ് പോറ്റിയുടെ വീട്ടിലെ സന്ദര്‍ശകരെന്നും അവര്‍ സമ്മാനങ്ങള്‍ നല്‍കുന്നതോ വാങ്ങുന്നതോ കണ്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു. പോറ്റിയുടെ വീട്ടില്‍ കടകംപള്ളിയും അടൂര്‍ പ്രകാശും രാജു എബ്രഹാമുമെല്ലാം എത്തിയ ഫോട്ടോകളും ശേഖരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ ചോദ്യം ചെയ്തേക്കും. ഉന്നതരുമായുള്ള ബന്ധം സ്വര്‍ണക്കൊള്ളയ്ക്ക് മറയായത് എങ്ങിനെയെന്നാണ് അന്വേഷിക്കുന്നത്.
ജാമ്യം കിട്ടി പുറത്തിറങ്ങിയ പോറ്റി ജാമ്യ ഉപാധിയനുസരിച്ച് മാധ്യമങ്ങളോട് മൗനം തുടരുകയാണ്. സഹോദരിയുടെ വീട്ടില്‍ തങ്ങിയ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഇന്ന് എസ്.ഐ∙ടി ഓഫീസിലെത്തി ഒപ്പിട്ട് മടങ്ങി. വരും ദിവസങ്ങളില്‍ ഇ.ഡി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അതിനിടെ പോറ്റിക്ക് ജാമ്യം കിട്ടിയതോടെ കേസ് അട്ടിമറിച്ചെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. പോറ്റിക്ക് പിന്നാലെ മൂന്ന് പേര്‍ കൂടി സ്വാഭാവിക ജാമ്യത്തിന് അരികെയാണ്. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജു അറസ്റ്റിലായിട്ട് 90 ദിവസം കഴിഞ്ഞു. 11ന് എന്‍.വാസുവും 21ന് എ.പത്മകുമാറിന്‍റെയും അറസ്റ്റിന് 90 ദിവസമാകും. ഇതിന് മുന്‍പ് കുറ്റപത്രം നല്‍കിയില്ലങ്കില്‍ ഇവരും പുറത്തിറങ്ങും. ഇതോടെ ആകെയുള്ള 12 പ്രതികളില്‍ ഏഴ് പേര്‍ക്കും ജാമ്യം കിട്ടുന്ന സ്ഥിതിയാകും.