ചിരിയോടെ ജയിലിന്‍റെ പുറത്തേയ്ക്ക്, പിന്നാലെ വീട്ടില്‍ നിന്ന് വന്നവരുടെ സനേഹാന്വേഷണം, മാധ്യമങ്ങളോട് മിണ്ടാതെ കാറില്‍ വീട്ടിലേയ്ക്ക്, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതായതോടെയാണ് സ്വഭാവിക ജാമ്യം നേടി ഉണ്ണികൃഷ്ണൻ പോറ്റി ജയില്‍ മോചിതനാകുന്നത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

സ്വർണ്ണക്കുള്ള കേസിലെ ഗൂഢാലോചനയുടെ പ്രഭവ കേന്ദ്രം ഉണ്ണികൃഷ്ണൻ പോറ്റി ആണെന്നാണ് എസ്. ഐ. ടി നിഗമനം.2 ലക്ഷംരൂപ വീതമുള്ള 2 ആൾ ജാമ്യം, ചൊവ്വ വെള്ളി ദിവസങ്ങളിൽ അന്വേഷണഉദ്യോഗസ്ഥനുമുമ്പിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് പുറത്ത് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി ജാമ്യംലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. ദ്വാരപാ ലക സ്വർണ അപഹരണ കേസിൽ നേരത്തെ ജാമ്യം കിട്ടിയതോടെ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് മുഖ്യപ്രതിയായ പോറ്റിക്ക് പുറത്തിറങ്ങാൻ വഴിതെളിഞ്ഞത്.

ENGLISH SUMMARY:

Unnikrishnan Potty, the prime accused in the Sabarimala gold smuggling case, has been released from jail. He secured natural bail after the prosecution failed to submit a chargesheet within 90 days of his arrest.