വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്ലബില്‍ നിന്ന് വലത്തേക്ക് ഇന്‍ഡിക്കേറ്ററിട്ട് കാര്‍ മെല്ലെ മണിയന്‍പിള്ള രാജു പുറത്തേക്ക് എടുക്കുന്നതും അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികര്‍ റോഡിലേക്ക് തെറിച്ച് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ബൈക്ക് ഇടിച്ചിട്ടും മണിയന്‍ പിള്ള രാജു കാര്‍ നിര്‍ത്താതെ വളച്ച് പോകുന്നതും വിഡിയോയിലുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗത്തില്‍ നിന്നും നമ്പര്‍പ്ലേറ്റ് ഉള്‍പ്പടെയുള്ളവ അടര്‍ന്ന് വീഴുന്നതും കാണാം.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ സമാധാനമെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു. തന്‍റെ പിഴവ് കൊണ്ടല്ലെന്ന് തെളിഞ്ഞതില്‍ സമാധാനമുണ്ട്. കുറ്റപ്പെടുത്തുന്നവര്‍ അത് തുടരട്ടെ. മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. പരിശോധനയിലും അത് തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വാഹനാപകടവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത നടന്‍ മണിയന്‍പിള്ള രാജുവിനെ ജാമ്യത്തില്‍ വിട്ടു. ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് വിട്ടയച്ചത്. ഇദ്ദേഹത്തിന്‍റെ കാര്‍ ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബിനടുത്ത് നിന്നും കണ്ടെത്തി. വാഹനാപകടമുണ്ടായപ്പോള്‍ മണിയന്‍പിള്ള ഭയന്നുപോയെന്നും അപകടശേഷം മകന്‍റെ വീട്ടിലേക്കാണ് അദ്ദേഹം പോയതെന്നും സുഹൃത്ത് ഫൈസല്‍ പറയുന്നു. മൂന്ന് വര്‍ഷമായി താരം മദ്യപിക്കാറില്ലെന്നും കാന്‍സര്‍ ചികില്‍സ പൂര്‍ത്തിയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടമുണ്ടായപ്പോള്‍ പാനിക് ആയിപ്പോയെന്നും നിര്‍ത്താതിരുന്നത് ശരിയായില്ലെന്നും മണിയന്‍പിള്ള രാജു സമ്മതിച്ചു. ഭാര്യ തനിച്ചായതിനാലാണ് സ്ഥലത്ത് നിന്ന് വേഗത്തില്‍ പോന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തന്‍റെ കാറിലേക്കാണ് ബൈക്ക് വന്നിടിച്ചതെന്നും ബൈക്ക് യാത്രികര്‍ അമിത വേഗത്തിലായിരുന്നുവെന്നും മണിയന്‍പിള്ള രാജു നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് വഴുതക്കാട് വച്ച് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് സാരമായ പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ENGLISH SUMMARY:

CCTV footage of the car accident involving actor Maniyanpilla Raju at Vazhuthacaud has been released. The video shows the actor's car exiting the Trivandrum Club with indicators on, while a speeding motorcycle crashes into the left headlight, throwing the riders onto the road. Although the bike hit the car, the footage confirms that the actor did not stop and drove away, leaving behind the vehicle's number plate. Maniyanpilla Raju was subsequently arrested by the Museum Police but was later released on bail after a medical examination at the General Hospital. His friends clarified that the actor was in a state of panic and had gone to his son's house following the incident. They also stated that he has been sober for three years and recently completed cancer treatment. The actor admitted it was a mistake not to stop but reiterated that the bike was at fault due to overspeeding. The injured youths remain under treatment at a private hospital.