കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് 27കാരനായ പാപ്പാനെ ആന വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്നത്. സംഭവമറിഞ്ഞ് വലിയ നടുക്കത്തിലാണ് വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും. ഇവിടെ ഇത്തരം അപകടങ്ങളൊന്നും ഉണ്ടാവാറില്ലെന്നും ഇത് ആദ്യത്തെ സംഭവമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2018 മുതൽ ഇവിടെ പാപ്പാനായി ജോലി ചെയ്യുന്ന വെങ്ങാനൂർ സ്വദേശി വിഷ്ണുവാണ് താനേറ്റവും സ്നേഹിച്ച കുട്ടിക്കൊമ്പനാല്‍ തന്നെ കൊല്ലപ്പെട്ടത്. 

 

സാധാരണ പാപ്പാന്‍മാരുടെ മുന്‍പിലൊന്നും മെരുങ്ങാത്ത കുട്ടിക്കൊമ്പനെ മെരുക്കിയെടുത്ത വ്യക്തിയാണ് വിഷ്ണു. പാപ്പാന്‍ ജോലിയോടും വിഷ്ണുവിന് അത്രയും താല്‍പര്യമുള്ളതുകൊണ്ടാണ് കോട്ടൂരിലെത്തിയത്. നെയ്യാർ ഡാം റിസർവോയറിന്റെ കാപ്പുകാട് കിഴക്കുമല പ്രദേശത്താണ് കേന്ദ്രത്തിലെ ആനകളെ രാവിലെ കുളിപ്പിക്കുന്നത്. 

 

 

കുളിക്കുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ വിഷ്ണുവിനു നേരെ മനുവെന്ന കുട്ടിക്കൊമ്പന്‍ തിരിഞ്ഞത്. ആന ഇത്ര രോഷാകുലനായതിന്റെ കാരണം വ്യക്തമല്ല. ആനയെ നന്നായി പരിചരിക്കുന്ന വിഷ്ണുവിനെ അനുസരിക്കുന്ന പതിവാണ് മനുവിന്. ഇന്നലെ കുളിപ്പിക്കുന്നതിനിടെ ആന വിഷ്ണുവിനെ തുമ്പിക്കയ്യില്‍ കോരിയെടുത്തു. വെള്ളത്തിലിട്ടടിച്ചതിനു പിന്നാലെ ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.  ഇതിനിടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവരെത്തും മുൻപ് വിഷ്ണുവിനെ സഹപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്നു പുറത്ത് എത്തിച്ചു, എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

ആനക്കമ്പം മൂലം 18ാം വയസ്സിലാണ് കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ താൽക്കാലിക ജീവനക്കാരനായി വിഷ്ണു ജോലിക്കെത്തുന്നത്. ചെറുപ്പത്തിൽ, പിതാവിന്റെ നാടായ വിതുരയിൽ വച്ച് ആനകളോടു തോന്നിയ ഇഷ്ടമാണ് വിഷ്ണുവിനെ ആനപ്രേമിയാക്കിയത്. 4 വർഷം മുൻപ് ആനയുടെ ആക്രമണത്തിൽ ചെറിയ പരുക്കേറ്റെങ്കിലും ആനപ്രേമം വിഷ്ണു കൈവിട്ടില്ല എന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃഗങ്ങൾക്കൊപ്പം വാഹനങ്ങളോടും കമ്പമുണ്ടായിരുന്ന വിഷ്ണു രണ്ടു ദിവസം മുൻപാണ് വീട്ടിലെത്തി മടങ്ങിയത്.

 

പെയ്ന്റിങ് തൊഴിലാളിയായ പിതാവും മാതാവും സഹോദരി അഞ്ജനയും അടങ്ങുന്നതാണ് കുടുംബം. സ്ഥിരജോലിയിൽ പ്രവേശിച്ച ശേഷമേ വിവാഹം കഴിക്കൂ എന്ന നിലപാടിലായിരുന്നു വിഷ്ണു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിഷ്ണുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

 

വനം വകുപ്പിൽ സർക്കാർ ജോലിയെന്ന സ്വപ്നം ബാക്കിയാക്കിയാണ് വിഷ്ണു വിടപറഞ്ഞത്. പത്തനംതിട്ട ജില്ലയിലെ ആന സങ്കേതത്തിൽ പാപ്പാൻ തസ്തികയിൽ പരീക്ഷയെഴുതി പട്ടികയിൽ ഇടം നേടിയ വിഷ്ണു നിയമന ഉത്തരവ് കാത്തിരിക്കുകയായിരുന്നു. എത്രയും വേഗം ജോലിയില്‍ പ്രവേശിക്കാൻ കഴിയുമെന്ന് വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

 

സംഭവത്തില്‍ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ ശ്യാം മോഹൻലാൽ പ്രാഥമിക അന്വേഷണം തുടങ്ങി. റിപ്പോർട്ട് സർക്കാരിനു കൈമാറും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സ്പെഷൽ ഓഫിസർ കെ.ജെ.വർഗീസ് പറ‍ഞ്ഞു.

 

ENGLISH SUMMARY:

Kottur elephant rehabilitation center witnessed a tragic incident where a 27-year-old mahout, Vishnu, was fatally attacked and drowned by a young elephant named Manu. The unexpected rage of the elephant, which Vishnu had raised and trained, has left forest officials and tourists in shock, as such incidents are rare at the center.