എംഎല്‍എ ടി.എ. മധുസൂദനനെതിരെ ഗുരുതര ആക്ഷേപങ്ങളുമായി സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്‍. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം അത് ചൂണ്ടിക്കാട്ടിയവര്‍ക്ക് എതിരെ നടപടി എടുക്കന്ന കാലഘട്ടത്തിലാണ് ജനങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും അദ്ദേഹം പുസ്തക പ്രകാശനച്ചടങ്ങില്‍ പറഞ്ഞു. മധുസൂദനന് ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയെന്നും നേതൃത്വം എല്ലാകാലത്തും മധുസൂദനനെ സംരക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് മേലെ വളരാൻ ആരെയും മധുസൂദനൻ അനുവദിക്കാറില്ലെന്ന് പറഞ്ഞ കുഞ്ഞികൃഷ്ണന്‍ നിലവിലെ ഏരിയ സെക്രട്ടറി പി.സന്തോഷ് കുമാറിനോടും, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശിയോടും ഇതേ സമീപനമാണ് പുലര്‍ത്തുന്നതെന്നും വെളിപ്പെടുത്തി. മധുസൂദനന്‍റെ നിലപാടുകളും രീതികളും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകന് യോജിച്ചതല്ല. ഇത് തുറന്ന് പറഞ്ഞതിനാണ് തന്നോട് വിരോധമെന്നും അദ്ദേഹം ഏരിയ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ താൻ ആ സ്ഥാനത്ത് എത്താതിരിക്കാൻ ശ്രമിച്ചുവെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

വിരമിച്ച ശേഷം താൻ പുസ്തകം എഴുതിയും ക്ലാസ് എടുത്തും പണം സമ്പാദിക്കുകയാണെന്നും പാർട്ടി പ്രവർത്തനത്തിന് കിട്ടുന്നില്ല എന്നും മധുസൂദനന്‍ പ്രചരിപ്പിച്ചു. കെ.പി.മധു പകരക്കാരനായി വന്നപ്പോഴും കാര്യങ്ങള്‍ മധുസൂദനന്‍ തന്നെ നിയന്ത്രിച്ചു. താന്‍ ഏരിയ സെക്രട്ടറിയായി വന്ന ശേഷവും ഒരു സഹായവും പിന്തുണയും മധുസൂദനനിൽ നിന്ന് ഉണ്ടായിരുന്നില്ല. സെക്രട്ടറിയേറ്റ് യോഗം എടുക്കുന്ന തീരുമാനങ്ങളിൽ പെട്ടെന്ന് നടപ്പാക്കേണ്ടത് തന്നെ അറിയിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പയ്യന്നൂരിലെ വിഭാഗീയതയ്ക്ക് കാരണം ആരാണെന്ന് പരിശോധിക്കാൻ നേതൃത്വം ഒരിക്കലും തയ്യാറായില്ലെന്നും പകരം തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന വിമര്‍ശനവും നേതൃത്വത്തിനെതിരെ കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തുന്നു. 

രക്തസാക്ഷി ധനരാജിന്‍റെ ഫണ്ട്, ഏരിക കമ്മിറ്റി ഓഫിസ് നിര്‍മ്മാണം എന്നീ ധനശേഖരണങ്ങളില്‍ പാര്‍ട്ടിക്ക് 91 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കുഞ്ഞികൃഷ്ണന്‍ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. പാര്‍ട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനൊപ്പം നില്‍ക്കണമോ എന്ന ചോദ്യം തന്നെ അലട്ടിയെന്നും ഒടുവില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയെന്ന തീരുമാനം കൈക്കൊണ്ടുവെന്നും കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ വിവരം ധരിപ്പിച്ചപ്പോള്‍ നേതാവിനെ സംരക്ഷിക്കാനാണ് നേതൃത്വം തുനിഞ്ഞതെന്നും അതുകൊണ്ട് തനിക്ക് തുറന്നെഴുതേണ്ടി വന്നുവെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുന്നു. വന്‍ ജനാവലിയാണ് പയ്യന്നൂരില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ ഇന്നലെ പങ്കെടുത്തത്. പയ്യന്നൂരിലെ പാര്‍ട്ടിഫണ്ടില്‍ തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ത്തുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തതോടെയാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്. 

ENGLISH SUMMARY:

Expelled CPM leader V. Kunjikrishnan has launched a scathing attack against Payyannur MLA T.I. Madhusudanan, accusing him of financial irregularities and authoritarian leadership. During his book launch in Payyannur, Kunjikrishnan alleged that the party leadership protected Madhusudanan while making him a scapegoat for exposing the ₹91 lakh misappropriation in the Dhanaraj Martyr's Fund and area committee office construction. He described Madhusudanan’s style as that of a "bourgeois politician" who suppresses emerging leaders like P. Santhosh Kumar and Sarin Sashi. Kunjikrishnan claimed that despite informing the party about the fund leak, the leadership prioritized shielding the leader over protecting the organization. He detailed how he was sidelined and systematically targeted for demanding accountability within the party. The book launch was attended by a massive crowd, signaling a potential shift in the local political landscape in Kannur. Stay updated on the internal crisis of the CPM in Payyannur and the leadership's response. Follow for more insights into the evolving political narratives in Kerala.