പ്രമുഖ വ്യവസായി സി.ജെ.റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ എസ്.ഐ.ടി.കൊച്ചിയിലേക്ക്. അടുത്ത ദിവസം സംഘം കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തും. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കമുള്ളവയാണു പരിശോധിക്കുക. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനു പിന്നാലെ ബെംഗളുരുവിലെ പ്രമുഖ ആശുപത്രിയില്‍ റോയി വിഷാദത്തിനു ചികിത്സ തേടിയതിന്റെ വിവരങ്ങളും പ്രത്യേക സംഘത്തിനു ലഭിച്ചു.
കുടുംബ പ്രശ്നങ്ങള്‍, അടുത്തകാലത്ത് വിഷാദത്തിനു ചികിത്സ തേടിയത്, സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ തുടങ്ങിയവയാണു എസ്ഐടിയുടെ പ്രധാന അന്വേഷണ വിഷയങ്ങള്‍. കുടുംബാംഗങ്ങളാണു നാലുമാസമത്തിലേറെയായി റോയി വിഷാദത്തിനു ചികിത്സ തേടിയിരുന്നുവെന്ന് മൊഴിനല്‍കിയത്. ബെംഗളുരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ.
അടുത്തിടെ ചില പ്രൊജക്ടുകളില്‍ പ്രതിസന്ധിയും തിരിച്ചടിയുമുണ്ടായിരുന്നു. ഈ പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരികെ ചോദിച്ചിരുന്നു. ഇതില്‍ രാഷ്ട്രീയ നേതൃത്വങ്ങളുമായി ബന്ധമുള്ള നിക്ഷേപങ്ങളുമുണ്ടെന്നാണു സൂചന. കൂടാതെ കൊച്ചിയിലെ പ്രൊജക്ടില്‍ യഥാര്‍ഥ വില മറച്ചുവച്ചതു സംബന്ധിച്ചും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. കടം വാങ്ങാതെയാണ് എല്ലാ പ്രോജക്ടുകളും നടപ്പാക്കുന്നതെന്നു റോയി പലതവണ അവകാശപ്പെട്ടിരുന്നു. ബാങ്കുകളില്‍ നിന്നു വായ്പകളുമൊടുക്കുന്ന പതിവുമില്ല. വമ്പന്‍ പ്രൊജക്ടുകള്‍ക്ക് എങ്ങനെയാണു പണം കണ്ടെത്തിയിരുന്നതെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.