ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. 14 ദിവസം കൂടി റിമാന്‍ഡില്‍ തുടരും. അറസ്റ്റ് ചെയ്തു 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിനു അര്‍ഹതയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ വാദം. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്നത്തേക്ക് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. ദ്വാരപാലക, ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളി സ്വര്‍ണകവര്‍ച്ചാ കേസുകളില്‍ പ്രതിയായ പോറ്റിക്ക് ആദ്യ കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിലും കൂടി ജാമ്യം ലഭിച്ചിരുന്നെങ്കില്‍ പോറ്റിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നു.
Also Read: ശബരിമലയിലെ സിനിമാ ചിത്രീകരണം: വിജിലൻസ് റിപ്പോർട്ട് നാളെ ദേവസ്വം ബോർഡ് ചർച്ച ചെയ്യും.
അതേസമയം, ശബരിമലയിലെ സ്വർണം പതിച്ച ചെമ്പുപാളികൾ അതേപടി മാറ്റിയതിന് സ്ഥിരീകരണമില്ലെന്നും പാളികളിലെ സ്വർണം ഉരുക്കി വേർതിരിച്ചെടുത്തിരിക്കാമെന്നും ശാസ്ത്രീയ പരിശോധന നടത്തിയ വിഎസ് എസ്‌സിയിലെ ശാസ്ത്രജ്ഞർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) അറിയിച്ചു. ഇതോടെ, പാളികൾ അതേപടി സംസ്ഥാനത്തിനു പുറത്തുള്ള ചിലർക്ക് വിറ്റെന്ന സംശയം അപ്രസക്തമാണെന്ന നിഗമനത്തിലാണ് എസ്ഐടി. യഥാർഥ പാളികൾ വിറ്റ് പകരം അതേ മാതൃകയിൽ ചെമ്പുപാളിയുണ്ടാക്കി അതിൽ സ്വർണം പൂശി തിരികെ വച്ചെന്ന സംശയം അന്വേഷണസംഘത്തിനുണ്ടായിരുന്നു.
വിഎസ്എസ്‌സി നൽകിയ പരിശോധനാഫലത്തിൽ പാളികളുടെ രാസഘടനയിൽ വ്യത്യാസമെന്നു സൂചിപ്പിച്ചത് പാളികൾ മാറ്റിയതിന്റെ സൂചനയായിട്ടാണ് എസ്ഐടി ആദ്യം വിലയിരുത്തിയത്. ഇത് ഹൈക്കോടതിയിൽ റിപ്പോർട്ടായി നൽകുകയും ചെയ്തു. വിദേശത്തക്കു കടത്തിയോ എന്ന സംശയം കോടതിയിലും ഉയർന്നു. സമാനമായ രീതിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോട് ദുബായ് വ്യവസായി പറഞ്ഞതും പുറത്തുവന്നു. ഇതിൽ അന്വേഷണം നടത്തിയ എസ്ഐടി ഡിണ്ടിഗൽ സ്വദേശി ഡി.മണിയെയും സഹായി ശ്രീകൃഷ്ണനെയും ചോദ്യം ചെയ്തിരുന്നു.
സ്വർണപ്പാളികൾ ഇത്തരത്തിൽ കൊണ്ടു പോയിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണ് ഹൈക്കോടതി നിർദേശപ്രകാരം പരിശോധന നടത്തിയ വിഎസ് എസ്‌സിയിലെ ശാസ്ത്രജ്ഞരുടെ മൊഴിയെടുത്തത്. എന്നാൽ പാളി മാറ്റിയെന്നു സ്ഥിരീകരിക്കാൻ തെളിവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമലയിൽ ഇപ്പോഴുള്ളത് 1998ൽ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ പഴയ പാളികൾ തന്നെയാവാം. പാളികൾക്കു ഘടനാവ്യത്യാസമുണ്ടായത് മെർക്കുറിയും അനുബന്ധ ലായനികളും ചേർത്ത് ഉരുക്കിയപ്പോൾ സംഭവിച്ചതാവാം.
ഇതോടെ, പാളികളിലെ സ്വർണം ഉരുക്കി വേർതിരിച്ചെടുക്കുകയും പകരം കുറഞ്ഞ അളവിൽ സ്വർണം പൂശുകയും ചെയ്തു എന്ന നിഗമനമാണ് ഉയരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഉൾപ്പടെയുള്ള പ്രതികൾ ഇക്കാര്യം നേരത്തേ തന്നെ സമ്മതിച്ചിരുന്നു. ഇത്തരത്തിൽ എത്ര സ്വർണം വേർതിരിച്ചെടുത്തുവെന്നാണ് ഇനി അറിയേണ്ടത്. അതിനുള്ള താരതമ്യ പരിശോധന വിഎസ്എസ്‌സിയിൽ തുടരുകയാണ്. ആ ഫലവും ലഭിക്കുന്നതോടെ കേസിൽ വ്യക്തതയുണ്ടാകുമെന്നും കുറ്റപത്രത്തിലേക്ക് കടക്കാമെന്നുമാണ് എസ്ഐടി കരുതുന്നത്.