കോഴിക്കോട്ടെ കടപ്പുറത്ത് വന്നാല്‍ അതിജീവനത്തിന്റ ഒട്ടേറെ കഥകള്‍ കേള്‍ക്കാം. പരിമിതികളെ ആയുധമാക്കിയെടുത്തവര്‍ കടപ്പുറത്ത് ആരംഭിച്ച ഡിസെബിലിറ്റി ഫെസ്റ്റിവലില്‍ പാട്ടും കഥയും വര്‍ത്തമാനങ്ങളുമൊക്കെയായി ചേരുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ നാളെ സമാപിക്കും.
അപ്രതീക്ഷിതമായ വീഴ്ചയില്‍ നിന്ന് പിറവി കൊണ്ടതാണ് ഈ കരകൗശലവസ്തുക്കള്‍. 2006ലാണ് മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബൂബക്കര്‍ കിണറുപണിക്കിടെ അപകടത്തില്‍പ്പെട്ട് അരയ്ക്കുതാഴെ തളര്‍ന്നത്. പതിയെ ചിരട്ടയില്‍ പല രൂപങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇന്നിത് അബൂബക്കറിന് ജീവനോപാധിയാണ്..
സന്നദ്ധ സംഘടനയായ തണല്‍, ഡിസബിലിറ്റി സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍, ഭിന്നശേഷി കുട്ടികളാണ് കടപ്പുറത്ത് ബലൂണ്‍ പറത്തി ഉദ്ഘാടനം ചെയ്തത്. ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കു സാഹിത്യോത്സവ മാതൃകയില്‍ രാജ്യത്ത് ആദ്യമായൊരുക്കിയ ഉത്സവമാണിത്. ഫെസ്റ്റിന്‍റെ ഭാഗമായി വിവിധ ചര്‍ച്ചകള്‍, കലാസാംസ്കാരിക പരിപാടികള്‍, എക്സ്പീരിയന്‍സ് സോണുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നടക്കം നിരവധിപ്പേരാണ് കെഡിഎഫ് കാണാനെത്തുന്നത്.