എ പ്ലസ് മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസിനെ ഇറക്കി കളം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കോര്‍പ്പറേഷനില്‍ ബിജെപിയുടെ 13ല്‍ ഏഴ് കൗണ്‍സിലര്‍മാരുമുള്ള നോര്‍ത്ത് മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ഇക്കുറി പ്രതീക്ഷ ഏറെയാണ്.
വിജയ സാധ്യതയുണ്ടെന്ന് ബിജെപി കണക്കാക്കുന്ന കോഴിക്കോട് ജില്ലയിലെ ഏക മണ്ഡലത്തില്‍ നവ്യ ഹരിദാസ് പ്രചരണ രംഗത്ത് സജീവമാണ്. റോഡ് ഷോ കളിലൂടെയും കീ വോട്ടര്‍മാരെ കണ്ടുമാണ് നവ്യയുടെ ആദ്യഘട്ട പ്രചരണം. 2015 മുതല്‍ തുടര്‍ച്ചയായ മൂന്ന് തവണ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ നവ്യ മണ്ഡലത്തിനും സുപരിചിതയാണ്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിക്കുള്ള 13 സീറ്റുകളില്‍ ഏഴെണ്ണവും നോര്‍ത്തില്‍ നിന്നാണെന്നതും പാര്‍ട്ടിയുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. വോട്ട് വര്‍ധിപ്പിക്കാനല്ല ജയിക്കാനാണ് ഇത്തവണ ശ്രമമെന്ന് നവ്യ. സിംഗപ്പൂരിലെ ഡിബിഎസ് ബാങ്കില്‍ നിന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ സ്ഥാനം രാജിവച്ചാണ് നവ്യ ഹരിദാസ് പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നോര്‍ത്തിലും, വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെയും നവ്യ മത്സരിച്ചു.