കള്ളന് കപ്പലില്‍ തന്നെ എന്നുപറയുന്നത് പോലെയാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ സൂപ്രണ്ടിന്റെ സ്ഥലമാറ്റ വിവാദം. സ്ഥലം മാറ്റിയത് മുസ്ലിം ലീഗ് ആണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ യുഡിഎഫ് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് കോണ്‍ഗ്രസിലെ ഉന്നതനേതാവാണ് സ്ഥലമാറ്റത്തിന്റെ ബുദ്ധികേന്ദ്രമെന്നതും. യുഡിഎഫിലെ അടിയായത് കൊണ്ട് കോര്പ്പറേഷന് ഭരിക്കുന്ന എല്‍ഡിഎഫും വിവാദം കൊഴുപ്പിച്ചു.
കഴിഞ്ഞദിവസമാണ് എന്‍ജിഒ അസോസിയേഷന് അംഗം കൂടിയായ സൂപ്രണ്ട് എംഎല്‍എല്‍ റിച്ചാര്‍ഡിനെ കൊയിലാണ്ടി നഗരസഭയിലേക്ക് സ്ഥലംമാറ്റിയത്. സൂപ്രണ്ട് കോര്പ്പറേഷന് കെട്ടിടത്തില്‍ വാടക കുടിശികയായവര്‍ക്ക് നോട്ടീസ് നല്‍കുകയും കട അടപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൊന്ന് ലീഗ് കൗണ്‍സിലറുടെ സഹോദരന്റേതാണ്. ഇതോടെയാണ് ലീഗ് ഭരിക്കുന്ന തദ്ദേശവകുപ്പിലെ സ്ഥലമാറ്റത്തിന് കാരണം കൗണ്‍സിലറാണെന്ന ആരോപണമുയര്‍ന്നത്.
സ്ഥലമാറ്റത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും എന്‍ജിഒ അസോസിയേഷനും ലീഗ് കൗണ്‍സിലര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തു. സംഭവം വിവാദമായതോടെയാണ് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗം ചേര്‍ന്നതോടെയാണ് സ്ഥലമാറ്റത്തിന് പിന്നില്‍ ലീഗ് അല്ല കോണ്‍ഗ്രസ് ആണെന്ന്കണ്ടെത്തിയത്. കോണ്‍ഗ്രസ് അനുകൂലസംഘടനയിലെ അംഗമായ സൂപ്രണ്ടിന്റെ സ്ഥലമാറ്റത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഉന്നതനേതാവാണെന്ന് തിരിച്ചറിഞ്ഞു. നേതാവ് ഈ കാര്യം സമ്മതിക്കുകയും ചെയ്തു.
ലീഗ് കൗണ്‍സിലര്‍ക്കെതിരെ പ്രചാരണം നടത്തിയവരെ കണ്ടെത്തി നടപടിയെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം. സംഭവത്തില്‍ തദ്ദേശമന്ത്രിക്ക് പരാതിയും നല്‍കും. കോര്‍പ്പറേഷനിലെ സ്ഥലമാറ്റം യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി അറിയാതെ നടത്താന്‍ പാടില്ലെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിക്കാനാണ് യോഗത്തിന്റെ തീരമാനം.