ശബരിമല മാസ്റ്റര്‍ പ്ലാനിന് ബജറ്റില്‍ 30 കോടി രൂപ വകയിരുത്തി. ക്ലീന്‍ പമ്പയ്ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. 2011 മുതല്‍ ആരംഭിച്ച മാസ്റ്റര്‍ പ്ലാനിന്‍റെ പ്രവര്‍ത്തികള്‍ ഇതുവരേക്കും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം കണക്കിലെടുത്താണ് കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നത്. പമ്പ ഗണപതി ക്ഷേത്രം മുതൽ പമ്പ ഹിൽടോപ് വരെ നദിക്കു കുറുകെ പാലം, നിലയ്ക്കൽ കോർ ഏരിയ വികസനം, കുന്നാർ– സന്നിധാനം ശുദ്ധജല പൈപ്‌ലൈൻ, നിലയ്ക്കൽ ഇടത്താവള റോഡ്– പാലം നിർമാണം, സന്നിധാനത്തെ തീർഥാടന സൗകര്യകേന്ദ്രം, തന്ത്രിമഠം, പ്രസാദ നിർമാണ-വിതരണ സമുച്ചയം, അഗ്നിരക്ഷാ സംവിധാനം, തീർഥാടക നിർഗമന പാലം, നിലയ്ക്കലിലെ ജലസ്രോതസ്സുകളുടെ നവീകരണം എന്നിവയാണ് മാസ്റ്റര്‍പ്ലാനിലെ പ്രധാന പദ്ധതികള്‍. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സുപ്രീംകോടതി നിർദേശപ്രകാരം ശബരിമല മാസ്റ്റർ പ്ലാൻ തയാറാക്കുന്ന ജോലികൾ തുടങ്ങിയത്.
കേര പദ്ധതിക്ക് 100 കോടി രൂപയും നാളികേര വികസനത്തിന് 75 കോടി രൂപയും പ്രഖ്യാപിച്ചു. കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി രൂപയും വിള ഇന്‍ഷൂറന്‍സിനായി 31 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അതേസമയം തീരമേഖലയുടെ സമഗ്ര വികസനത്തിന് 352 കോടി രൂപ വകയിരുത്തി. തീരദേശ വികസനത്തിന് 187 കോടിയും തീരദേശ മേഖലയ്ക്ക് 140 കോടിയും സംയോജിത തീരദേശ വികസനത്തിന് 15 കോടിയും മല്‍സ്യത്തൊഴിലാളി ഇന്‍ഷൂറന്‍സിന് 10 കോടിയുമെന്നിങ്ങനെയാണിത്.
മലയോര മേഖലയിലെ വന്യജീവി–മനുഷ്യ സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതികള്‍ക്കായും ബജറ്റില്‍ തുക നീക്കി വച്ചിട്ടുണ്ട്. വന്യജീവി ആക്രമണം ലഘൂകരിക്കാനും കൂടുകളും ക്യാമറകളും സ്ഥാപിക്കുന്നതിനുമായും മറ്റ് പദ്ധതികള്‍ക്കായും 100 കോടി രൂപയാണ് പ്രഖ്യാപിച്ചത്. പുത്തൂരെ സുവോളജിക്കല്‍ പാര്‍ക്കിന് ആറുകോടി രൂപയും നീക്കി വച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ രണ്ടാം ഘട്ടത്തിനായി രണ്ട് കോടി രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.