കാരുണ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി ബജറ്റില്‍ സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ചെറിയ തുക പ്രീമിയം അടച്ച് പങ്കാളിയാകാന്‍ സാധിക്കുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. ബജറ്റ് വർഷം തന്നെ നടപ്പിലാക്കും. 50 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവില്‍ കാരുണ്യ പദ്ധതിക്ക് കീഴില്‍ സൗജന്യ ചികിത്സ ലഭിക്കുന്നത്.
* ഇതോടൊപ്പം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവർക്കും വിരമിച്ചവർക്കുമായി മെഡിസെപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്ക്കരിക്കും.
* ഓട്ടോറിക്ഷ ടാക്സി തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ചെലവ് കുറഞ്ഞ വിഹിതം അടക്കുന്ന തരത്തിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
* റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ലൈഫ് സേവർ പദ്ധതി. റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ കീഴിൽ രജിസ്റ്റർപ്പെട്ട സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യം ഉണ്ടാകും. ഇതിനായി 15 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു.