കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിനുള്ളതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ പരിഗണിക്കുന്നതാകും ബജറ്റെന്നും ചെയ്യാവുന്നത് പറയുകയും പറയുന്നത് ചെയ്യുകയെന്നതാണ് നയമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ഭരണം വന്നാല്‍ ചെയ്യുന്ന കാര്യങ്ങളാകും ബജറ്റിലുണ്ടാവുകയെന്നും ഇത് സ്വപ്നബജറ്റല്ലെന്നും മന്ത്രി പറഞ്ഞു.
'കൂടുതല്‍ തൊഴിലവസരം ഉണ്ടാകണം. അതിനുള്ള സാഹചര്യം ഉണ്ടാകണം. ലോകസാഹചര്യത്തില്‍ ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ നമ്മള്‍ കുറച്ച് കൂടി പരിശ്രമിക്കണം. താരിഫ് യുദ്ധം, ഇയു വ്യാപാരക്കരാര്‍ അങ്ങനെയൊക്കെയുണ്ട്. വിദേശത്തേക്ക് ധാരാളം ആളുകള്‍ പോകുന്നുണ്ട്. അവര്‍ പോകുമ്പോള്‍ നമ്മുടെ സമ്പദ് വ്യവസ്ഥ കൂടി മെച്ചപ്പെടണം. കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുണ്ടാകും.
എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷമായി ഇടതുസര്‍ക്കാര്‍ അധികാരത്തിലുണ്ട്. അതില്‍ നിന്ന് ജനങ്ങള്‍ക്ക് മനസിലായ കാര്യം പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളേ പറയൂവെന്നുമാണ്. നല്ല മാറ്റം കേരളത്തിന്‍റെ എല്ലാ മേഖലകളിലും പ്രകടമാണെന്നും മന്ത്രി അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് കാലത്ത് സാധാരണ കാണുന്നത് പോലെ നടപ്പിലാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ ഉള്ള സ്വപ്ന ബജറ്റാവില്ല ഇതെന്നും ബാലഗോപാല്‍ വ്യക്തമാക്കി. വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന, പ്രായോഗികമായ, അതിനുള്ള സാമ്പത്തിക വശമെല്ലാം കണ്ടുകൊണ്ടുള്ള ബജറ്റാണ് തയാറാക്കിയിരിക്കുന്നത് എന്നും മന്ത്രി വിശദീകരിച്ചു.
അല്‍പ്പസമയത്തിനുള്ളില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്‍റെ ആറാം ബജറ്റ് അവതരിപ്പിക്കും. വോട്ട് ലക്ഷ്യമിട്ട് എന്തൊക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ മന്ത്രിയുടെ ബജറ്റില്‍ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച് 2500 രൂപയാക്കിയേക്കുമെന്നും റബറിന്‍റെ താങ്ങുവില ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്യമായ ആനുകൂല്യങ്ങളുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇന്നലെ രാത്രിയില്‍ കന്യാസ്ത്രീകള്‍ക്ക് പെന്‍ഷനും വയനാട് ദുരിതബാധിതരുടെ വായ്പാബാധ്യത ഏറ്റെടുക്കുമെന്നുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.