എന്‍എസ്എസുമായി ഐക്യമുണ്ടാക്കാനുള്ള വെള്ളാപ്പള്ളി നടേശന്‍റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂരം പാലിക്കുന്ന എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് രാഷ്ട്രീയപാര്‍ട്ടി അധ്യക്ഷനായ മകനെ അയക്കാനുള്ള വെള്ളാപ്പള്ളി നടേശന്‍റെ തീരുമാനമാണ് സംശയത്തിനിടയാക്കിയത്. അക്കാരണം കൊണ്ടാണ് ഐക്യനീക്കത്തില്‍ നിന്ന് പിന്മാറിയത്. മകനായാലും സംഘടനാഭാരവാഹിയായാലും ഇത്തരമൊരു കാര്യത്തിന് രാഷ്ട്രീയനേതാവായ ഒരാളെ അയക്കാന്‍ പാടില്ലായിരുന്നു. വെള്ളാപ്പള്ളി മുന്‍കൈയെടുത്ത് നടത്തിയ ഐക്യനീക്കം അടഞ്ഞ അധ്യായമാണെന്നും ജി.സുകുമാരന്‍ നായര്‍ പെരുന്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതുകൊണ്ടാണ് ഐക്യത്തില്‍ നിന്ന് പിന്മാറിയതെന്ന പ്രചരണം സുകുമാരന്‍ നായര്‍ തള്ളി. ബോര്‍ഡ് യോഗത്തിന് മുന്‍പുതന്നെ താന്‍ എസ്.എന്‍.ഡി.പി യോഗനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചപ്പോള്‍ നേരിട്ട് പറഞ്ഞു. എന്‍.എസ്.എസിന്‍റെ അടിസ്ഥാനമൂല്യങ്ങളുമായി യോജിക്കാത്തതാണ് നീക്കമെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ‘ഐക്യനീക്കവും അതില്‍ നിന്ന് പിന്മാറിയ കാര്യവും ഞാനാണ് ഡയറക്ടര്‍ ബോര്‍ഡിന് മുന്നിൽ അവതരിപ്പിച്ചത്. ഒരാളും ഭിന്നാഭിപ്രായം പറഞ്ഞില്ല.’
എസ്.എന്‍.ഡി.പി യോഗവുമായി ഐക്യമില്ലെന്ന് ശക്തമായ ഭാഷയിലാണ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പിറക്കിയത്. ‘പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യം. ഇപ്പോഴത്തെ ഐക്യശ്രമവും പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്തിനുവേണ്ടിയായാലും അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ എന്‍.എസ്.എസിന് കഴിയില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും എന്‍.എസ്.എസിന് സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ പോകുന്നതുപോലെ എസ്.എന്‍.ഡി.പി. യോഗത്തോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നത്. എസ്.എൻ.ഡി.പി. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു’ – വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
വെള്ളാപ്പള്ളിയുടെ നീക്കത്തില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഐക്യനീക്കം ഉപേക്ഷിച്ചതെന്ന് ജി.സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ച് പറഞ്ഞു. ആരാണ് അതിനുപിന്നിലെന്ന് അറിയില്ല. അത് നിങ്ങള്‍ കണ്ടുപിടിക്കൂ എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഞങ്ങളും കാര്യങ്ങള്‍ മനസിലാക്കുന്നവരാണ്. അബദ്ധം പറ്റാതിരിക്കാന്‍ ഞങ്ങള്‍ എപ്പോഴും ഗാര്‍ഡഡ് (കരുതലോടെ) ആയാണ് നിലകൊള്ളുക. വളരെ ശുദ്ധമായിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. അവര്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല.’ – സുകുമാരന്‍ നായര്‍ പറഞ്ഞു.
കേരളം നിയമസഭാതിരഞ്ഞെടുപ്പിലേക്ക് കടന്ന ഘട്ടത്തില്‍ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കമറിച്ച നീക്കമായിരുന്നു എസ്.എന്‍.ഡി.പി യോഗവും എന്‍.എന്‍.എസും ഐക്യത്തിലേക്ക് എന്ന പ്രഖ്യാപനം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രഖ്യാപനം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അതേപടി ആവര്‍ത്തിച്ചതോടെ പല രാഷ്ട്രീയപാര്‍ട്ടികളും ആശങ്കയിലായി. അതോടെ പലവഴിക്ക് എന്‍.എസ്.എസ് നേതൃത്വത്തിനുമേല്‍ സമ്മര്‍ദവും ആരംഭിച്ചു.
ഈമാസം 21ന് ആലപ്പുഴയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ കൗണ്‍സില്‍ യോഗം എന്‍.എസ്.എസുമായുള്ള ഐക്യനീക്കത്തിന് അംഗീകാരം നല്‍കിയ പ്രമേയം പാസാക്കിയത്. എന്‍.എസ്.എസ് നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ക്ക് വെള്ളാപ്പള്ളി നടേശന്‍റെ മകനും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്‍റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ എന്‍എസ്എസുമായുള്ള ചര്‍ച്ചയുടെ തീയതി തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎയിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ ബിഡിജെഎസിന്‍റെ അധ്യക്ഷനാണ് തുഷാര്‍ എന്ന കാരണം ചൂണ്ടിക്കാട്ടി എന്‍.എസ്.എസ് നേതൃത്വം ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയായിരുന്നു.