എന്‍എസ്എസ്–എസ്എന്‍ഡിപി ഐക്യത്തിന് എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ അംഗീകാരം. തുടര്‍ ചര്‍ച്ചകള്‍ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് ആണെന്നും മുന്‍പത്തെ പോലെ എന്‍എസ്എസ്സുമായി കൊമ്പുകോര്‍ക്കില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജമാ അത്തെ ഇസ്‌ലാമിയും ചര്‍ച്ച നടത്തും. ലീഗ് ഒഴികെ എല്ലാ മുസ്‌ലിം സംഘടനകളുമായും ചര്‍ച്ച നടത്തും. ലീഗിനെതിരെ പറഞ്ഞത് മുസ്‌ലിം സമുദായത്തിന് എതിരെന്ന് വരുത്താനാണ് ശ്രമം. ലീഗിനെതിരെ എസ്എന്‍ഡിപി നേതൃയോഗം പ്രമേയം പാസാക്കി. മലപ്പുറം ജില്ല ആരുടേയും സ്വകാര്യ സാമ്രാജ്യമല്ല. ലീഗ് മതത്തിനുവേണ്ടി മാത്രമാണ് ഭരണം നടത്തുന്നുവെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു.
എസ്എന്‍ഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് എന്‍എസ്എസ്. ഹിന്ദുഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമായതിനാലാണ് എസ്എന്‍ഡിപി ഉന്നയിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് അത് അംഗീകരിക്കുന്നു. എന്‍എസ്എസ്സിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിപ്പിക്കാതെ മുന്നോട്ടുപോകും. ഐക്യം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യമുണ്ടാകും. തിരഞ്ഞെടുപ്പില്‍ സമദൂരം തുടരും. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും അങ്ങനെയൊന്നും ആളാവാന്‍ നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.