Untitled design - 1

90 വയസ്സായ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് മഹാ അപരാധമായി പറഞ്ഞു നടക്കുന്ന ലീഗ് നേതാക്കളാണ് മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നടത്തിയ കെ സുരേന്ദ്രൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ വലിയ സമ്മാനപ്പൊതികളുമായി തിക്കിത്തിരക്കി പോയതെന്ന് മുന്‍ മന്ത്രി കെടി ജലീല്‍. അതിൽ ഒരു തെറ്റും ലീഗിനോ ലീഗിൻ്റെ ചുറ്റും തിരിയുന്ന സമുദായ ഉപഗ്രഹങ്ങൾക്കോ ഇല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

"മുസ്ലിങ്ങളുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് പാക്കിസ്ഥാനിലേക്ക് ഓടിക്കണം" എന്ന് പച്ചക്ക് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ സന്ദീപ് വാര്യറെ പൂമാലയിട്ട് ലീഗിന് പൊക്കിക്കൊണ്ടു നടക്കാം, ഒരു പ്രശ്നവുമില്ല. തിരുവനന്തപുരത്ത് ബി.ജെ.പി നേതാവിൻ്റെ നിരാഹാര സത്യാഗ്രഹം അദ്ദേഹം അവസാനിപ്പിച്ചത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് നൽകിയ നാരങ്ങ നീര് കുടിച്ചാണ്. അതിൽ ഒരു വിഷമവും ലീഗിനോ ലീഗനുകൂല മുസ്ലീം സമുദായ സംഘടനകൾക്കോ ലവലേശമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷക്കണക്കിന് സംഭാവന നൽകിയത് ഇ അഹമ്മദ് സാഹിബും, ഇ.ടി മുഹമ്മദ് ബഷീറുമാണ്. അതിനെ മഹത്തായ മതേതര പ്രവൃത്തി എന്നാണ് ലീഗും ലീഗ് സ്പോൺസേഡ് സംഘടനകളും വിശേഷിപ്പിച്ചത്!.  

കേന്ദ്ര സർക്കാരിൽ നിന്ന് ന്യായമായും കിട്ടേണ്ടത് കേരളം ചോദിച്ചു വാങ്ങിയാൽ അതിനെ സി.പി.എം - ബി.ജെ.പി 'ഡീലായി' ചിത്രീകരിക്കുന്ന ലീഗും കോൺഗ്രസ്സും, കർണാടകയിലെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ മോദിയേയും അമിത് ഷായേയും കണ്ട് കോടികൾ തരപ്പെടുത്തി ബാഗ്ലൂരിലേക്ക് കൊണ്ടു പോയി വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ ഡി.കെ ശിവകുമാറിൻ്റെ 'നയതന്ത്രചാതുരി' എന്നാണ് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത്! – കെടി ജലീല്‍ വിശദീകരിക്കുന്നു. 

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വിവാദ പ്രസ്താവന സജി ചെറിയാന്‍ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സജി ചെറിയാന്‍റെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. 

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി പരാമര്‍ശമെന്ന് കേന്ദ്രനേതൃത്വവും നിലപാടെടുത്തു. പരാമര്‍ശം വിവാദമായിട്ടും ഇന്നലെ സജി ചെറിയാന്‍ വീണ്ടും ന്യായീകരിച്ചത് പ്രശ്നം വഷളാക്കിയെന്നും നേതൃത്വം പറയുന്നു. 

ENGLISH SUMMARY:

KT Jaleel criticizes the Muslim League's stance on BJP leaders and their alleged hypocrisy. He questions their actions and statements while highlighting perceived double standards regarding political affiliations.