വി ഡി സതീശനെതിരെ വെള്ളാപ്പള്ളി ഉയർത്തുന്ന ഓരോ വാക്കും ഓരോ പരിഹാസവും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുതല്കൂട്ടായിരിക്കുമെന്ന് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്. അതയാളെ ദുർബലപ്പെടുത്തുകയല്ല, കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുക.
സമീപകാല കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തെ ആഴത്തിൽ മുറിവേൽപ്പിക്കും വിധം നിരന്തരം വിഷം കലക്കുന്ന പണിയാണ് വെള്ളാപ്പള്ളി എടുക്കുന്നത്. അദ്ദേഹത്തിന്റെ ആ വിഷം കലക്കലുകൾക്കെതിരെ ശബ്ദിക്കാനും ഉറച്ച നിലപാടെടുക്കാനും സതീശൻ തയ്യാറാകുന്നുവെങ്കിൽ ആ സതീശനൊപ്പം കേരള ജനതയുണ്ടാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇത്തരമൊരു വിഴുപ്പിനെ കാറിൽ കയറ്റിയും പൊന്നാട അണിയിച്ചും കൊണ്ട് നടക്കുന്നത് ആരായാലും അവരെ പുറംകാല് കൊണ്ട് തൊഴിക്കാനും ആട്ടിയോടിക്കാനുമുള്ള പ്രബുദ്ധതയൊക്കെ കേരളത്തിന്റെ ബഹുസ്വര സമൂഹത്തിനുണ്ട്. എസ് എൻ ഡി പി ഒരു മഹത്തായ പ്രസ്ഥാനമാണ്. അതിനൊരു ചരിത്രദൗത്യമുണ്ട്. ആ ചരിത്ര ദൗത്യത്തിന്റെ നേർ വിപരീതദിശയിലാണ് വെള്ളാപ്പള്ളി സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ അയാളുടെ പുലമ്പലുകൾക്കെതിരെയുള്ള യുദ്ധം എസ് എൻ ഡി പിക്കെതിരെയുള്ള യുദ്ധമല്ല. അതയാളുടെ വിഷനാക്കിനെതിരെയുള്ള യുദ്ധം മാത്രമാണ്.
ചന്ദനമരത്തിലെ വിഷസർപ്പമെന്ന അഴീക്കോട് മാഷിന്റെ വിശേഷണം കാലത്തിന് മുന്നേ സഞ്ചരിച്ച പ്രവചനമാണ്. കെപിസിസി പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ്സിന്റെ നേതാക്കന്മാർ പോലും വെള്ളാപ്പള്ളിക്കെതിരെ ശബ്ദിക്കാൻ മുട്ടിവിറച്ച് നില്ക്കുകയാണ്. ഇന്നലെ പൊട്ടിമുളച്ച തകരയാണ് സതീശനെന്ന് വെള്ളാപ്പള്ളി പരിഹസിക്കുമ്പോഴും സതീശനൊപ്പം പിന്തുണ കൊടുത്ത് നില്ക്കാൻ നേതാക്കൾ അധികമില്ല. അപ്പോഴും നിലപാടിൽ നിന്ന് പിന്നോട്ട് പോകാതെ വെള്ളാപ്പള്ളി പറയുന്ന വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ സതീശൻ ഉറച്ച് നിൽക്കുമ്പോൾ അതയാളുടെ രാഷ്ട്രീയ ഗ്രാഫിനെ താഴ്ത്തുകയല്ല, ഉയർത്തുകയാണ് ചെയ്യുന്നത്.
സതീശനോട് വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ട്, അത് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും പ്രകടിപ്പിച്ചെന്നിരിക്കും. പക്ഷേ ഒരു കാര്യം പറയാതെ വയ്യ. ഈ വിഷയത്തിൽ സതീശനൊപ്പമാണ്. വെള്ളാപ്പള്ളി എത്ര ശക്തിയോടെ സതീശനെ ചവിട്ടിത്താഴ്ത്തുന്നുവോ, അതിന്റെ പതിന്മടങ്ങ് ശക്തിയിൽ സതീശന്റെ പൊളിറ്റിക്കൽ ഗ്രാഫ് കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കും. അത് തീർച്ചയായും അയാളെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും. – ബഷീര്‍ വള്ളിക്കുന്ന് വിശദീകരിക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശന്‍ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളിലൂന്നി രാജ്യംമുഴുവന്‍ പ്രചരണം നടത്തുന്ന ലോക് സഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.