എസ്.എന്‍.ഡി.പിയുമായി ഐക്യമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യശ്രമമെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഐക്യശ്രമവും പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ എന്‍.എസ്.എസിന് കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എസ്എന്‍ഡിപിയുടെ ഐക്യനീക്കത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്നു സംശയം തോന്നിയതുകൊണ്ടാണ് തീരുമാനമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ . കാലത്തിന്റെ ആവശ്യമെന്നു തോന്നിയതുകൊണ്ടാണ് ഐക്യനീക്കത്തോടു യോജിച്ചത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവു കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഐക്യനീക്കത്തെക്കുറിച്ച് സംസാരിക്കാന്‍ വരുന്നുവെന്നറിയിച്ചത്. അതു വേണ്ടെന്ന് അറിയിച്ചു. ഐക്യനീക്കവും എതിരഭിപ്രായവും ഡയറക്ടര്‍ ബോര്‍ഡില്‍ അറിയിച്ചത് താനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നു ഇപ്പോള്‍ പറയുന്നില്ല. അത് നിങ്ങള്‍ അന്വേഷിച്ചു കണ്ടു പിടിക്കൂവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളോടും സമദൂര നിലപാടായതിനാല്‍ ഐക്യം പ്രായോഗികമല്ലെന്ന് ആദ്യം വാര്‍ത്താക്കുറിപ്പിറക്കിയ ശേഷമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്.
എന്‍.എസ്.എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ പോകുന്നതുപോലെ എസ്.എന്‍.ഡി.പി. യോഗത്തോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എൻ.എസ്.എസ്. - എസ്.എൻ.ഡി.പി. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നുകൂടി ചേര്‍ത്താണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.
ഐക്യത്തില്‍ നിന്ന് പിന്‍മാറിയ കാര്യം എന്‍.എസ്.എസ് അറിയിച്ചിട്ടില്ലെന്നാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആദ്യ പ്രതികരണം. ചാനല്‍ വാര്‍ത്തകളിലൂടെയാണ് വിവരമറിഞ്ഞത്. തീരുമാനത്തിന്റെ പൂര്‍ണരൂപം അറിഞ്ഞ ശേഷം മറുപടി പറയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു
ഐക്യം മറ്റൊരു മതത്തോടോ സംഘടനയോടോ വ്യക്തിയോടോ വിദ്വേഷം കാട്ടാനല്ല, സാമൂഹികനീതിക്കു വേണ്ടിയാണ്. വേദനയനുഭവിക്കുന്ന സമാന ചിന്താഗതിക്കാരായ, നായാടി മുതൽ നസ്രാണി വരെയുള്ള സമുദായാംഗങ്ങൾ ഉണ്ടാകും. പല നസ്രാണി വിഭാഗങ്ങളും തന്നെയും തുഷാറിനെയും സമീപിച്ചിട്ടുണ്ട്. അവരെ ഒഴിവാക്കാൻ കഴിയില്ല. അതൊക്കെ എങ്ങനെ വേണമെന്നു സുകുമാരൻ നായരുമായി ചർച്ച ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.