രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിന് ഇനി നാലുനാള്‍. വോട്ട് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളായിരിക്കും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റില്‍ ഉണ്ടാവുക. ക്ഷേമ പെന്‍ഷന്‍ വര്‍ധന, റബര്‍ താങ്ങുവില വര്‍ധിപ്പിക്കല്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ തുടങ്ങിയവ ബജറ്റില്‍ ഇടം പിടിച്ചേക്കും.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് ശേഷം നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച തേടി പോകുന്ന ഇടത് മുന്നണിക്ക് ജനങ്ങളെ കയ്യിലെടുക്കാനുള്ള സുവര്‍ണാവസരമാണ് ബജറ്റ്. അതിനാല്‍ വാരിക്കോരിയുള്ള പ്രഖ്യാപനങ്ങള്‍ ഉറപ്പാണ്.
ഇതൊക്കെ പറയുമെങ്കിലും ഇത്തവണ ബജറ്റിന്‍റെ ഊന്നല്‍ ജനക്ഷേമത്തില്‍ തന്നെയായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ക്ഷേമപെന്‍ഷന്‍ രണ്ടായിരമാക്കിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായ 2500 രൂപയാക്കി ഇത് വര്‍ധിപ്പിച്ചേക്കും. പുതുതായി പ്രഖ്യാപിച്ച പ്രതിമാസം ആയിരം രൂപ നല്‍കുന്ന സ്ത്രീസുരക്ഷ പെന്‍ഷന്‍, യുവാക്കള്‍ക്കുള്ള കണക്ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിയവുടെ തുകയും നാമമാത്രമായെങ്കിലും വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച അതിദാര്യദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും. കേരളത്തിലെ പതിനേഴ് ശതമാനത്തോളം വരുന്ന വയോജനങ്ങളുടെ ആരോഗ്യം, പരിചരണം, ഉപജീവനം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്ന സില്‍വര്‍ എകോണമിയിലേക്കുള്ള ചുവട് മാറ്റം പ്രഖ്യാപിക്കുന്ന പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കും. റബറിന്‍റെ താങ്ങുവില 250 രൂപയാക്കണമെന്ന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം)ന്‍റെ ദീര്‍ഘകാല ആവശ്യം ഇത്തവണ ബജറ്റില്‍ ഇടംപിടിച്ചേക്കും. ഇങ്ങനെ വോട്ട് പെട്ടിയിലാക്കാവുന്ന പ്രഖ്യാപനങ്ങള്‍ അടങ്ങിയ പെട്ടിയുമായായിരിക്കും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ 29ന് നിയമസഭയിലേക്ക് വരിക.