തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശിനി ഹസീന (40) ആണ് മരിച്ചത്. ഹസീനയുടെ മക്കളായ ഷംന, ഹംസ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.

പനി ബാധിച്ച ഏഴ് വയസ്സുകാരനായ ഇളയ മകനെ ആശുപത്രിയിൽ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹസീനയും മക്കളും. പഴകുറ്റിയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് റോഡിലേക്ക് പ്രവേശിച്ച ഉടനെയാണ് എതിർദിശയിൽ നിന്നെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചത്. അമിതവേഗതയിൽ എത്തിയ കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്ന് പേരെയും ഉടൻ തന്നെ നാട്ടുകാർ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മക്കളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ആരോഗ്യനില നിലവിൽ ഗുരുതരമല്ല.