kerala-unsung-hero-devakiyamma-padmashri-award

ആലപ്പുഴ മുതുകുളം സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തക  കൊല്ലക്കയില്‍ ദേവകിയമ്മയ്ക്ക് പത്മശ്രീ പുരസ്കാരം. വനവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തി മൂവായിരത്തോളം അപൂര്‍വ ഔഷധ  സസ്യങ്ങള്‍ സംരക്ഷിച്ചതിനാണ് പുരസ്കാരം. നിശബ്ദ സേവനം നടത്തുന്നവരെ ആദരിക്കുന്ന 'അൺസങ് ഹീറോസ്' (Unsung Heroes) വിഭാഗത്തിൽ നിന്നാണ്  കൊല്ലക്കയിൽ ദേവകിയമ്മയ്ക്ക് പത്മശ്രീ പുരസ്കാരം.

ആലപ്പുഴയിലെ തന്റെ പുരയിടത്തിൽ വനവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയും ആയിരക്കണക്കിന് വൃക്ഷത്തൈകൾ സംരക്ഷിച്ചു പോരുന്നതിലൂടെയുമാണ് 92 വയസ്സുകാരിയായ ദേവകിയമ്മ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വർഷങ്ങൾക്ക് മുൻപ് തരിശായി കിടന്ന ഭൂമിയെ പച്ചപ്പണിയിച്ചുകൊണ്ടാണ് ദേവകിയമ്മ തന്റെ പരിസ്ഥിതി പ്രവർത്തനം ആരംഭിക്കുന്നത്. 

ഔഷധസസ്യങ്ങൾ ഉൾപ്പെടെ മൂവായിരത്തിലധികം അപൂർവ്വ സസ്യങ്ങളാണ് ദേവകിയമ്മയുടെ സംരക്ഷണത്തിലുള്ളത്. ഒരു ചെറിയ പ്രദേശം എങ്ങനെ വനമാക്കി മാറ്റാം എന്നതിന് മികച്ച ഉദാഹരണമാണ് ഇവരുടെ പ്രവർത്തനങ്ങൾ. വാർദ്ധക്യ സഹജമായ അവശതകൾക്കിടയിലും പരിസ്ഥിതിക്കായി നിലകൊള്ളുന്ന ദേവകിയമ്മയെ പത്മശ്രീ നൽകി രാജ്യം ആദരിക്കുകയായിരുന്നു. 

പത്മ പുരസ്കാരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി പുറത്തുവിട്ട 54 പേരുടെ 'അൺസങ് ഹീറോസ്' പട്ടികയിൽ കേരളത്തിൽ നിന്ന് ഇടംപിടിച്ച ഏക വ്യക്തി ദേവകിയമ്മയാണ്. ഗോത്രവിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശിക്കും പത്മശ്രീ. മരണാനന്തര ബഹുമതിയായാണ് ആര്‍.കൃഷ്ണന്  അംഗീകാരം.  മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടും പുറംലോകം അധികമറിയാത്ത വ്യക്തികളെയാണ് ഈ വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. തമിഴ്‌നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഈ പട്ടികയിലുണ്ട്. ഔദ്യോഗിക പത്മ പുരസ്കാരങ്ങളുടെ പൂർണ്ണരൂപം ഇന്ന് വൈകുന്നേരത്തോടെ പുറത്തുവരും. കേരളത്തിൽ നിന്ന് കൂടുതൽ വ്യക്തികൾ പ്രധാന പട്ടികയിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

ENGLISH SUMMARY:

Devakiyamma receives Padmashri award for environmental conservation. The 92-year-old from Kerala transformed barren land into a lush forest, preserving thousands of rare plants.