മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ് നടന്നതായി പരാതി. സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് സന്നിധാനത്ത് നടന്നതായാണ് ആക്ഷേപം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷണത്തിനായി ദേവസ്വം വിജിലൻസ് എസ്.പിക്ക് കൈമാറി.
സിനിമാ ഷൂട്ടിങ് സംഘം തന്നോട് അനുമതി തേടിയിരുന്നെന്നും എന്നാല്‍ നൽകിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. ഫോണിലൂടെയാണ് അനുമതി തേടിയത് . ഹൈക്കോടതി ഉത്തരവുള്ളതിനാൽ അനുമതി നൽകാനാവില്ലെന്ന് അന്ന് തന്നെ മറുപടി നൽകി .
സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നതായി തനിക്ക് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷിക്കാൻ വിജിലൻസ് എസ്.പിയെ ചുമതലപ്പെടുത്തി. അനുമതിയില്ലാതെ ഏതെങ്കിലും തരത്തിലുള്ള ഷൂട്ടിങ് നടന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും കെ.ജയകുമാർ പറഞ്ഞു.
സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നതായ പരാതി സംവിധായകൻ അനുരാജ് മനോഹർ നിഷേധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ പമ്പയിലാണ് ഷൂട്ടിങ് നടന്നതെന്നും അത് മകരവിളക്ക് ദിവസമല്ലെന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെയാണ് പമ്പയിലെ ഷൂട്ടിങ് നടന്നതെന്നും പരാതി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.