• ഗ്രീമയും സജിതയും നേരിട്ടത് കടുത്ത അപമാനം
  • ഗ്രീമയ്ക്ക് ഐശ്വര്യമില്ലെന്ന് ഉണ്ണിക്കൃഷ്ണന്‍
  • അമ്മയും മകളും മരിച്ചത് അച്ഛന്‍ സൂക്ഷിച്ച സയനൈഡ് ഉപയോഗിച്ച്

തിരുവനന്തപുരം കമലേശ്വരത്ത് സയനൈഡ് കഴിച്ച് ജീവനൊടുക്കിയ അമ്മയും മകളും നേരിട്ടത് കടുത്ത അപമാനവും അഗവണനയുമെന്ന് റിപ്പോര്‍ട്ട്. വെറും 25 ദിവസം മാത്രം ഒന്നിച്ചുകഴിഞ്ഞ ശേഷം ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ ഗ്രീമയെ ഉപേക്ഷിച്ചത് ആ അമ്മയ്ക്കും മകള്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മരിച്ച ഗ്രീമയ്ക്ക് ഐശ്വര്യമില്ലെന്ന് പറഞ്ഞാണ് ഭർത്താവ് ഉപേക്ഷിച്ചത്. ഭർത്താവ് ഉണ്ണികൃഷ്ണൻ  അയർലണ്ടിൽ പി എച്ച് ഡി വിദ്യാർഥിയാണ്. ആറു വര്‍ഷം കെണിഞ്ഞു പരിശ്രമിച്ചിട്ടും തനിക്ക് പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഗ്രീമയുടെ ഐശ്വര്യക്കുറവ് കൊണ്ടാണെന്ന് ഉണ്ണിക്കൃഷ്ണന്‍ പറയുമായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി അയര്‍ലണ്ടില്‍ നിന്നുമെത്തിയ ഉണ്ണിക്കൃഷ്ണ്‍ മരണ വീട്ടില്‍വച്ചും അമ്മ സജിതയേയും ഗ്രീമയേയും അപമാനിച്ചു. മടങ്ങാൻ നേരം ഗ്രീമ യാത്ര പറഞ്ഞപ്പോൾ ബന്ധുക്കളുടെയെല്ലാം മുന്‍പില്‍വച്ച്  ഉണ്ണികൃഷ്ണൻ അപമാനിച്ചു. നീ ആരാ എന്നു ചോദിച്ചെന്നും നിന്നെ ഇനി വേണ്ട എന്നു പറഞ്ഞെന്നും ബന്ധുക്കളുടെ മൊഴി. ഇതുകേട്ടു നിന്ന അമ്മ സജിതയ്ക്ക് ആ വാക്കുകള്‍ താങ്ങാനായില്ല, ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതാണ് ജീവനൊടുക്കാൻ പെട്ടെന്നുള്ള കാരണമെന്നും ബന്ധുക്കൾ പറയുന്നു. 

200ലധികം പവന്‍ സ്വര്‍ണവും വസ്തുവും വീടുമെല്ലാം നല്കിയാണ് ഗ്രീമയെ വിവാഹം കഴിച്ചയച്ചത്. 25 ദിവസം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാന്‍ ആകുന്നില്ലെന്നും സജിത ബന്ധുക്കള്‍ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശത്തിലുണ്ട്. ഇന്നലെയാണ് വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുബൈ വിമാനത്താവളത്തില്‍ വച്ച് ഉണ്ണിക്കൃഷ്ണന്‍ പിടിയിലായത്. Also Read: 'മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ എറിഞ്ഞു; കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട'; ജീവനൊടുക്കിയത് സയനൈഡ്

ഉണ്ണിക്കൃഷ്ണന്‍റെ മാനസിക പീഡനമാണ് ഇരുവരുടേയും മരണത്തിന് കാരണമെന്ന് വ്യക്തമാക്കി അമ്മ സജിത എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഗ്രീമയ്ക്കും അമ്മയ്ക്കും ജീവനൊടുക്കാനായി സയനൈഡ് എവിടെനിന്നും ലഭിച്ചുവെന്ന കാര്യത്തിലും ഊഹാപോഹങ്ങളുണ്ടായിരുന്നു. മറ്റാരെങ്കിലും നല്‍കിയതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ചു. Also Read: അമ്മയുടേയും മകളുടേയും ആത്മഹത്യ; മകളുടെ ഭര്‍ത്താവ് പിടിയില്‍

എന്നാല്‍ ഗ്രീമയുടെ പിതാവിന് കൃഷിവകുപ്പിലായിരുന്നു ജോലിയെന്നും സയനൈഡ് ഉള്‍പ്പെടെയുള്ള ചില കെമിക്കലുകള്‍ സൂക്ഷിക്കുക സ്വാഭാവികമാണെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. അച്ഛന്‍ കൊണ്ടുവച്ച സയനൈഡ് കഴിച്ചാണ് അമ്മയും മകളും ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഒരു മാസം മുന്‍പാണ് അച്ഛന്‍ രാജീവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സജിതയുടേയും ഗ്രീമയുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

ENGLISH SUMMARY:

Suicide case analysis focuses on the tragic suicide of a mother and daughter in Thiruvananthapuram, driven by severe humiliation and neglect. The incident highlights the devastating impact of mental harassment and societal pressures, leading to the desperate act of taking their own lives.