പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ വി.വി. രാജേഷ് ആചാരവേഷം ധരിച്ച് വിമാനത്താവളത്തിൽ എത്താനാകാത്തത് ചർച്ചയാകുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിലും പങ്കെടുക്കേണ്ടതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഉണ്ടായിരുന്ന രാജീവ് ചന്ദ്രശേഖർ മോദിയുടെ രണ്ട് പരിപാടികളിലും പങ്കെടുക്കുകയും ചെയ്തു.
ഇതുപോലെ മേയറുടെ ആചാര വേഷം ധരിച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുക എന്നത് വിവി രാജേഷിൻ്റെ സ്വപ്നമായിരുന്നു. അത് അദ്ദേഹം തന്നെ പലരോടും പലകുറി പങ്കുവച്ചിരുന്നത് കൊണ്ടാണ് വിമാനത്താവളത്തിലെ രാജേഷിൻ്റെ അസാന്നിധ്യം ചർച്ചയായത്. പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടിയിലും പാർട്ടി പരിപാടിയിലും രാജേഷ് പങ്കെടുക്കേണ്ടതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണ പട്ടികയിൽ നിന്ന് ഒഴിവായത് എന്ന് രാജേഷ് തന്നെ വ്യക്തമാക്കുകയും ചെയ്തു.വിമാനത്താവളത്തിൽ പോയിരുന്നെങ്കിൽ മറ്റു രണ്ടു സ്ഥലങ്ങളിലും ഉൾപ്പെടാൻ കഴിയുമായിരുന്നില്ലെന്നും രാജേഷ് കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഉണ്ടായിരുന്ന രാജീവ് ചന്ദ്രശേഖർ പിന്നീട് നടന്ന രണ്ട് പരിപാടികളിലും പങ്കെടുത്തു. അതേസമയം നാലുവർഷം മുമ്പ് രാഷ്ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിച്ച അന്നത്തെ മേയർ ആര്യ രാജേന്ദ്രൻ, രാഷ്ട്രപതിക്കൊപ്പമുള്ള പരിപാടിയിൽ പങ്കെടുക്കാൻ വാഹനവ്യൂഹത്തെ ഓവർടേക്ക് ചെയ്ത് സുരക്ഷാ ഭീഷണി ഉണ്ടാക്കിയത് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് രാജേഷ് ഒഴിവായത് എന്നാണ് ബിജെപിയുടെ മറ്റൊരു വിശദീകരണം.