നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാബു എം. ജേക്കബ് ബി.ജെ.പിയുമായി കൂട്ടുകൂടിയതോടെ എറണാകുളം രാഷ്ട്രീയം കലങ്ങി. നാലു പഞ്ചായത്തുകളുടെ ഭരണം ഇതോടെ എന്‍.ഡി.എയുടെ കയ്യിലായി. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ പിന്തുണച്ച രണ്ട് ട്വന്‍റി – ട്വന്‍റി അംഗങ്ങള്‍ ഒപ്പം തുടരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഒപ്പം ട്വന്‍റി – ട്വന്‍റിക്ക് ന്യൂനപക്ഷ പിന്തുണ കുറയുമെന്നും വിലയിരുത്തുന്നു. എന്നാല്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന നിലപാടിലാണ് സിപിഎം.
ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ വികാരവുമായി കിറ്റക്സിന്‍റെ തണലില്‍ മുളപൊട്ടിയ പാര്‍ട്ടിയാണ് ട്വന്‍റി ട്വന്‍റി. കിറ്റക്സ് കമ്പനിയുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തില്‍ കിഴക്കമ്പലത്തെ കോണ്‍ഗ്രസ് ഭരണസമിതി ശക്തമായ നിലപാട് എടുത്തതോടെയാണ് 2015ല്‍ ട്വന്‍റി ട്വന്‍റി ആ പഞ്ചായത്തിന്‍റെ ഭരണം തന്നെ പിടിച്ചത്. പിന്നെയത് നാല് പഞ്ചായത്തും ഒരു ബ്ലോക്ക് പഞ്ചായത്തുമായി വര്‍ധിച്ചു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇതില്‍ രണ്ട് പഞ്ചായത്ത് പോയെങ്കിലും മറ്റ് രണ്ടിടത്ത് ഭരണം പിടിച്ചു.
ട്വന്‍റി – ട്വന്‍റിയുടെ ചുവടുമാറ്റത്തോടെ കിഴക്കമ്പലം, ഐക്കരനാട്, പുതൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകള്‍ എന്‍.ഡി.എ ഭരണത്തിലായി. സാബു എം. ജേക്കബിന്‍റെ തീരുമാനം ട്വന്‍റി ട്വന്‍റി അണികള്‍ അംഗീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വടവുകോട് – പുത്തന്‍കുരിശ് പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ തങ്ങളെ പിന്തുണച്ച രണ്ട് ട്വന്‍റി – ട്വന്‍റി അംഗങ്ങള്‍ ഒപ്പം തുടരുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്.
കിറ്റക്സില്‍ നടന്ന വ്യവസായവകുപ്പ് പരിശോധനയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായും സാബുവിന്‍റെ ശത്രുത കടുക്കുകയായിരുന്നു. പുതിയ പ്ലാന്‍റ് തെലങ്കാനയിലേക്ക് കൊണ്ടുപോയായിരുന്നു സാബുവിന്‍റെ തിരിച്ചടി. ഇപ്പോഴത്തെ ട്വന്‍റി ട്വന്‍റി നീക്കം നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് സി.പി.എം.
ഇടയ്ക്ക് ഒന്നര വര്‍ഷം ആംആദ്മി പാര്‍ട്ടിയുമായി കൂട്ടുകൂടിയതൊഴിച്ചാല്‍ ഒറ്റയ്ക്കായിരുന്നു ട്വന്‍റി ട്വന്‍റിയുടെ നില്‍പ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടിടത്ത് മത്സരിച്ച ട്വന്‍റി –ട്വന്‍റി ആറിടത്ത് മൂന്നാമതെത്തി. കുന്നത്തുനാട്ടില്‍ ട്വന്‍റി – ട്വന്‍റി ഇരുപത്തിയേഴര ശതമാനം വോട്ടുനേടിയത് കോണ്‍ഗ്രസ് തോല്‍ക്കാന്‍ പ്രധാന കാരണവുമായി.
പെരുമ്പാവൂരില്‍ കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ട്വന്‍റി ട്വന്‍റിയുമായുള്ള ദൂരം കോണ്‍ഗ്രസ് കുറച്ചു കൊണ്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിത കരുനീക്കം. നിഷ്പക്ഷരെന്നും അരാഷ്ട്രീയവാദികളെന്നും പറയുന്നവരുടെ പിന്തുണയിലായിരുന്നു ട്വന്‍റി ട്വന്‍റിയുടെ വളര്‍ച്ച.
ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി അതുറപ്പിച്ചുനിര്‍ത്തുന്നതാണ് പ്രവര്‍ത്തനശൈലി. ജനതാല്‍പര്യവും വികസനവും മുന്‍നിര്‍ത്തിയെടുത്ത തീരുമാനമെന്നു പറഞ്ഞ് അണികളെ പിടിച്ചുനിര്‍ത്താനാവും വരുംദിവസങ്ങളില്‍ ട്വന്‍റി ട്വന്‍റിയുടെ ശ്രമം. ജയിച്ചില്ലെങ്കിലും എറണാകുളത്തെ പല മണ്ഡലങ്ങളിലെയും ഫലത്തെ പുതിയ കൂട്ടുകെട്ട് സ്വാധീനിക്കുമെന്നത് ഇരു മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്നു.