twenty-twenty-nda-1
  • 'എല്‍ഡിഎഫും യുഡിഎഫും നാടിനെ കട്ടുമുടിച്ചു'
  • 'ഇതില്‍ മാറ്റംവരുത്താനാണ് ട്വന്‍റി 20 രൂപീകരിച്ചത്
  • 'ട്വന്‍റി 20 യെ നശിപ്പിക്കാന്‍ 25 പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നു'

രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ച് കിറ്റക്സ് എംഡി സാബു ജേക്കബ് നയിക്കുന്ന ട്വന്‍റി ട്വന്‍റി എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുടെ നിയമസഭാതിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്താനിരിക്കേയാണ് നിര്‍ണായകനീക്കം.

ട്വന്‍റി ട്വന്‍റിയെ തുടച്ചുനീക്കാന്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ സംഘടിതനീക്കം നടന്ന സാഹചര്യത്തിലാണ് എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചു. ‘എല്‍ഡിഎഫും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടെ 25 പാര്‍ട്ടികള്‍ ഒന്നിച്ചാണ് ട്വന്‍റി ട്വന്‍റി മല്‍സരിച്ച വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.’ ചരിത്രത്തിലാദ്യമായാണ് സിപിഎമ്മും കോണ്‍ഗ്രസും ഇത്രയധികം വാര്‍ഡുകളില്‍ സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.

ട്വന്‍റി ട്വന്‍റി ഒറ്റയ്ക്കുനിന്നാല്‍ വികസിത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞുകൂടിയാണ് എന്‍ഡിഎയില്‍ തീരുമാനിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു. ട്വന്‍റി ട്വന്‍റിയുടെ നിലപാടുകളോടും ലക്ഷ്യങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മുന്നണി എന്‍ഡിഎ ആണ്. കേരളത്തില്‍ നിന്ന് യുവാക്കള്‍ കൊഴിഞ്ഞുപോകുന്നതും വ്യവസായങ്ങള്‍ കേരളം വിട്ടുപോകുന്നതുമായ സാഹചര്യം മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ ആലോചിച്ചാണ് എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി. താന്‍ രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ കട്ടുമുടിക്കുന്നത് കണ്ട് അതിന് മാറ്റം വരുത്തണം എന്നാഗ്രഹിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Twenty20, led by Kitex MD Sabu Jacob, has joined the NDA in a move that reshaped Kerala’s political landscape. Explaining the decision, Sabu Jacob cited coordinated efforts by multiple parties to defeat Twenty20 in local body elections. He said aligning with the NDA was essential to realise the vision of a developed Kerala. The move comes ahead of Prime Minister Narendra Modi’s visit to Thiruvananthapuram to launch the BJP’s assembly election campaign. Jacob also highlighted concerns over youth migration and industries leaving Kerala, calling the NDA the most suitable front aligned with Twenty20’s goals.