ശബരിമലയിലെ പഴയ കൊടിമരം മാറ്റി സ്ഥാപിക്കാന്‍ ഇടയാക്കിയത് കൊടിമരത്തിലെ അനധികൃതമായി പെയിന്‍റടിച്ചതും ജീര്‍ണതയും. ഇത് ദോഷമെന്ന് ദേവപ്രശ്നത്തില്‍ കണ്ടതോടെയാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് വഴിതുറന്നത്. ഇത് തെളിയിക്കുന്ന നിര്‍ണായക ദേവപ്രശ്ന ചാര്‍ത്ത് മനോരമ ന്യൂസ് പുറത്തുവിടുന്നു. കൊടിമരത്തിന്‍റെ മുകളില്‍ ലേപനപ്രക്രീയ ചെയ്തിരിക്കുന്നത് ദോഷമാണ്. ജീര്‍ണത ലക്ഷണമുണ്ടെന്നുമാണ് ചാര്‍ത്തില്‍ പറയുന്നത്. അതിനാല്‍ കോണ്‍ക്രീറ്റ് കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തില്‍ നിര്‍ദേശിക്കുകയായിരുന്നു.
ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്നം. ദേവപ്രശ്നം നടന്നത് 2014 ജൂണ്‍ 18നാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡന്‍റായിട്ടുള്ള ബോര്‍ഡായിരുന്നു ആ സമയം. അതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്‍റും അജയ് തറയിലുമടങ്ങിയ ബോര്‍ഡാണ് കൊടിമര പുനപ്രതിഷ്ടക്ക് പിന്നിലെന്ന ആക്ഷേപത്തിന് മുനയൊടിയുകയാണ്.
അതേസമയം, ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്നാ വശ്യപ്പെട്ടു നേരത്തെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർ പ്പിച്ചിരുന്നു. തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടി മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജികളും വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. ഇരു കേസുകളിലും ജാമ്യം ലഭിച്ചാൽ മുരാരി ബാബു ജയിൽ മോചിതനാകും. ഇത് എസ്ഐടിക്ക് വീണ്ടും തിരിച്ചടിയാണ്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിന് ഇന്ന് നിർണായകം. വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിന്‍റെ അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ശബരിമലയില്‍ വന്‍ക്രമക്കേടാണ് നടന്നതെന്ന് ശങ്കരദാസിന്‍റെ ഹര്‍ജി പരിഗണിക്കവേ ഈ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിയും രൂക്ഷ വിമർശനങ്ങളോടെയാണ് വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നത്.