ഡോക്ടറെ മര്‍ദിച്ചതില്‍ നടനും ബിജെപി നേതാവുമായ കൃഷ്ണപ്രസാദിനും ബിജെപി കൗണ്‍സിലറായ സഹോദരന്‍ കൃഷ്ണകുമാറിനുമെതിരെ കേസ്. അയല്‍വാസിയായ ഡോക്ടര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീനിലയം വീട്ടിൽ ഡോ.ബി.ശ്രീകുമാറാണ് (67) കൃഷ്ണപ്രസാദും സഹോദരന്‍ കൃഷ്ണകുമാറും ചേർന്നു തന്നെ മർദിച്ചെന്നു ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്. കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്ടർ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തിലെത്തിയപ്പോഴാണ് സംഭവമെന്നു പരാതിയിൽ പറയുന്നു. ഈ സ്ഥലത്ത് ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്ണപ്രസാദ് തടയുകയും കല്ലുകെട്ടിയാൽ പൊളിക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഡോക്ടർ സ്ഥലത്തെത്തിയത്. അപ്പോൾ കല്ലിട്ട സ്ഥലത്ത് വില്ലേജ് ഓഫിസറുമായി കൃഷ്ണപ്രസാദും എത്തി. അതു മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി.
കുട ഉപയോഗിച്ചുള്‍പ്പെടെ മര്‍ദിച്ചെന്നാണ് ഡോക്ടര്‍ പറയുന്നത്. ദീര്‍ഘനാളായി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്ഥലത്തുകൂടിയുള്ള വെള്ളമൊഴുക്ക് തടഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരത്തേ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഡോക്ടർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ഡോക്ടറുടെ പരാതി കളവാണെന്ന് കൃഷ്ണ പ്രസാദ് മനോരമന്യൂസിനോട് പറഞ്ഞു. വയൽനികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമത്തെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്റെ മാത്രം ആവശ്യമല്ലെന്നും സ്ഥലത്തെ 40ഓളം കുടുംബങ്ങളുടെ പൊതു ആവശ്യമാണെന്നും അതിനാലാണ് ഇടപെട്ടതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന അഭ്യൂഹമുള്ളതിനാലാണ് തനിക്കെതിരെ ആരോപണമെന്നും നടൻ പ്രതികരിച്ചു.