ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടു തവണ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തിയെന്ന് പോറ്റിയുടെ അയല്‍ക്കാരന്‍ വിക്രമന്‍ നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു തവണയെന്ന് മന്ത്രി പറഞ്ഞത് ഓര്‍മപ്പിശകാകാം. പ്രയാര്‍ ഗോപാലകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശും വന്നിട്ടുണ്ടെന്നും വിക്രമന്‍ നായര്‍ പറഞ്ഞു.
പോറ്റിയുമായുള്ള അടുപ്പം സമ്മതിച്ച് മുന്‍മന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യ ആസൂത്രകനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പം സമ്മതിച്ച് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും 2016 മുതല്‍ പരിചയമെന്നും കടകംപള്ളി പറഞ്ഞു. ഇക്കാര്യങ്ങള്‍ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പോറ്റിയില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങിയിട്ടില്ലെന്നും മുന്‍മന്ത്രി അവകാശപ്പെട്ടു.
സ്വര്‍ണക്കൊള്ള അന്വേഷണം തുടങ്ങി മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായി മുന്‍മന്ത്രി തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി വര്‍ഷങ്ങളുടെ അടുപ്പം. പൊലീസ് അകമ്പടിയോടെയാണ് വീട്ടില്‍ പോയതെന്ന് അവകാശപ്പെട്ട മുന്‍മന്ത്രി പരിചയപ്പെട്ട സാഹചര്യവും വിശദീകരിച്ചു. അന്നത്തെ പോറ്റിയല്ല ഇന്നത്തെ പോറ്റിയെന്നതാണ് ഈ പരിചയത്തിന് കാരണമായി പറയുന്നത്. അടുപ്പമുണ്ടെങ്കിലും സമ്മാനമൊന്നും വാങ്ങിച്ചിട്ടില്ലെന്നും പോറ്റിക്ക് വേണ്ടി ഒരു കത്തിടപാടും നടത്തിയിട്ടില്ലെന്ന് വിശദീകരിച്ച് സ്വര്‍ണക്കൊള്ള ആരോപണം കടകംപള്ളി നിഷേധിക്കുന്നു.
കടകംപള്ളിയുമായി അടുപ്പമെന്ന് പോറ്റിയും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കടകംപള്ളി സുരേന്ദ്രന്‍റെ മൊഴിയെടുത്തത്. അടുപ്പത്തിന്‍റെ കാര്യം കടകംപളളി അന്വേഷണസംഘത്തോടും സമ്മതിച്ചിരുന്നു. അടുപ്പം സ്വര്‍ണക്കൊള്ളയ്ക്ക് കാരണമായിട്ടുണ്ടോയെന്ന് എസ്.ഐ.ടി പരിശോധിച്ച് വരികയാണ്.
ഇതിനിടെ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് കണക്കിലെടുത്താണ് സ്വാഭാവിക ജാമ്യം കിട്ടിയത്. ജാമ്യ അപേക്ഷയെ പ്രോസിക്യൂഷൻ കാര്യമായി എതിർത്തതുമില്ല. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും പോറ്റി പ്രതിയായതിനാൽ ആദ്യ കേസിൽ ജാമ്യം കിട്ടിയെങ്കിലും ജയിൽ മോചിതനാകില്ല. രണ്ടാം കേസിൽ 90 ദിവസം പൂർത്തിയാകാൻ 3 ആഴ്ചകൂടിയുണ്ട്. കേസിൽ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നു.കട്ടിപ്പാളി കേസിലും ദ്വാരപാലകശിൽപ കേസിലും മുരാരി അറസ്റ്റിലായി 90 ദിവസം കഴിഞ്ഞു. എസ്ഐടി ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി സമർപ്പിച്ചത്