മൂവാറ്റുപുഴയില്‍ കിണറ്റില്‍ വീണ നാലുവയസുകാരന് രക്ഷാകരങ്ങള്‍ നീട്ടി പൊലീസ്. പ്രദേശത്ത് മറ്റൊരു പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് എത്തുകയായിരുന്നു.
പേഴയ്ക്കാപ്പിള്ളി പൂഞ്ചേരി താന്നിച്ചുവട്ടില്‍ വീട്ടില്‍ ഷിഹാബിന്‍റെ നാലുവയസുള്ള മകന്‍ മുഹമ്മദ് സിയാനാണ് പൊലീസിന്‍റെ കരങ്ങള്‍ ജീവന്‍ മടക്കിനല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് പ്രദേശത്ത് മറ്റൊരു പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം. അപ്പോഴാണ് സിയാന്‍റെ അമ്മയുടെ നിലവിളി കേള്‍ക്കുന്നത്. ഓടിയെത്തിയ പൊലീസ് സംഘം കാണുന്നത് കിണറിന്‍റെ കരയില്‍ നിന്ന് യുവതി കരയുന്നതാണ്. കുഞ്ഞ് കിണറ്റില്‍ വീണതാണെന്ന് മനസിലായ ഉടന്‍ മൂവാറ്റുപുഴ എസ്.ഐ അതുല്‍ കിണറ്റിലേക്ക് ഇറങ്ങി. ഒപ്പം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് രാജനും. കുട്ടിയെ വെള്ളത്തില്‍ നിന്ന് മുങ്ങിയെടുത്തു. ബോധം നഷ്ടമായ കുട്ടിക്ക് അടിയന്തര ജീവന്‍രക്ഷാ ശുശ്രൂഷ നല്‍കി. നാട്ടുകാരുടെ സഹായത്തോടെ കയറും ഏണിയും ഇറക്കി കുട്ടിയെ കരകയറ്റി ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നാട്ടുകാരുടെ കയ്യടിയും.
ആശുപത്രിയിലെത്തിച്ച കുട്ടി സുഖംപ്രാപിച്ചു. കിണറിന്‍റെ ചുറ്റുമതിലിന് പൊക്കം കുറവായിരുന്നതാണ് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി വെള്ളത്തില്‍ വീഴുന്നതിന് ഇടയാക്കിയത്.