താരസംഘടനയായ ‘അമ്മ’യിൽ ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന മെമ്മറി കാർഡ് വിവാദത്തിൽ ആരോപണവിധേയയായ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ്. ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻപ് സിനിമാമേഖലയിലെ സ്ത്രീകൾ ഒത്തുചേർന്ന് ദുരനുഭവങ്ങൾ പങ്കുവെച്ചതിന്റെ റെക്കോർഡിംഗുകൾ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ പക്കലുണ്ടെന്നും അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഈ വിഷയത്തിൽ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി കുക്കു പരമേശ്വരന് അനുകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചത്.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയ കമ്മിറ്റി കുക്കു പരമേശ്വരൻ ഉൾപ്പെടെ 11 പേരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. മെമ്മറി കാർഡ് താൻ പണ്ട് കെ.പി.എ.സി ലളിതയെ ഏൽപ്പിച്ചിരുന്നുവെന്നും പിന്നീട് അതിന് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നുമായിരുന്നു കുക്കുവിന്റെ വാദം. മറ്റ് സാക്ഷിമൊഴികളും മിനിറ്റ്സിലെ രേഖകളും പരിശോധിച്ച ശേഷം ഈ വാദം സമിതി അംഗീകരിക്കുകയായിരുന്നു. നിലവിൽ അത്തരമൊരു മെമ്മറി കാർഡ് ആരുടെയും പക്കലുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സംഘടന അറിയിച്ചു.
അന്വേഷണ റിപ്പോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിച്ച ശേഷം ശ്വേതാ മേനോൻ മാധ്യമങ്ങളെ കണ്ടു. മെമ്മറി കാർഡിലെ വിവരങ്ങൾ അതിൽ പങ്കെടുത്തവർ തന്നെ മറ്റുള്ളവരോട് സംസാരിച്ചിരിക്കാം എന്ന നിഗമനത്തിലാണ് സമിതി എത്തിയത്. അല്ലാതെ വിവരങ്ങൾ ആരും മോഷ്ടിച്ചതാകാന്‍ വഴിയില്ലെന്ന് ശ്വേതാ പറഞ്ഞു. സംഘടനയുടെ തലത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഈ റിപ്പോർട്ടിൽ തൃപ്തരല്ലാത്ത പരാതിക്കാർക്ക് കോടതിയെ സമീപിക്കാനോ നിയമനടപടികളുമായി മുന്നോട്ട് പോകാനോ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.
എക്സിക്യൂട്ടീവ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ട്. മൊഴി നൽകിയവർ ഒപ്പിട്ട രേഖകൾ ഉൾപ്പെടെ 35 പേജുള്ള റിപ്പോർട്ട് സീൽ ചെയ്ത കവറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ‘അമ്മ’യിലെ ഏത് അംഗത്തിനും ഓഫീസിലെത്തി റിപ്പോർട്ട് പരിശോധിക്കാം. ഈ റിപ്പോർട്ട് വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിലും അവതരിപ്പിക്കുമെന്നും ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.