തിരുവനന്തപുരം കിളിമാനൂരില്‍ മദ്യലഹരിയില്‍ ഉണ്ടാക്കിയ വാഹനാപകടത്തില്‍ ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ ജീപ്പ് യാത്രക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ എം സി റോഡ് ഉപരോധിച്ചു. വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഉന്നതരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
കിളിമാനൂരിൽ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിൽസയിലിരുന്ന ബൈക്ക് യാത്രക്കാരൻ കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രജിത്ത് ആണ് പുലര്‍ച്ചെ മരിച്ചത് ബൈക്കിൽ രജിത്തിനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യ അംബിക ഇക്കഴിഞ്ഞ 7ന് മരിച്ചിരുന്നു. ഈ മാസം 3ന് കിളിമാനൂർ പാപ്പാലയിലായിരുന്നു അപകടം രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ജീപ്പ് ഇടിയ്ക്കുകയായിരുന്നു. അപകടശേഷം രക്ഷപെടാന്‍ ശ്രമിച്ച ജീപ്പ് ഡ്രൈവര്‍ അംബികയുടെ തലയിലൂടെ വാഹനം കയറ്റിയിറക്കി. തുടര്‍ന്ന് പോസ്റ്റിലിടിച്ചു. വീണ്ടും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന വാഹന ഉടമ വളളക്കടവ് സ്വദേസി വിഷ്ണുവിനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസിനു കൈമാറിയെങ്കിലും ജാമ്യത്തില്‍ വിട്ടു. ദമ്പതികളില്‍ ഭര്‍ത്താവ് കൂടി മരിച്ചതോടെ പ്രതിഷേധം കനക്കുകയായിരുന്നു. മൃതദേഹവുമായി നാട്ടുകാര്‍ എം സി റോഡ് ഉപരോധിച്ചു. ജീപ്പില്‍ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റേത് ഉള്‍പ്പെടെ രണ്ടുപേരുടെ ഐഡി കാര്‍ഡുകള്‍ കിട്ടിയിരുന്നു. ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമമമെന്നാണ് ബന്ധുക്കളുടേയും നാട്ടുകാരുടേയും ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. അംബികയുടെ മരണത്തിന് ശേഷം സമ്മർദ്ദങ്ങളെ തുടർന്നാണ് പൊലീസ് നരഹത്യയ്ക്കുള്ള വകുപ്പ് ചേർത്തത്. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന പൊലീസിന്‍റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.