AI Generated Image
ജാർഖണ്ഡിലെ ലാത്തേഹാർ ജില്ലയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. മഹുവദാനർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒർസ ബംഗ്ലാദാര താഴ്‌വരയിലാണ് അപകടം നടന്നത്.
ചത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ നിന്ന് ലാത്തേഹാറിലെ മഹുവദാനറിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവർക്ക് ഉചിതമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ലാത്തേഹാർ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബസിനുള്ളിൽ ഏകദേശം 70 യാത്രക്കാർ ഉണ്ടായിരുന്നതായി ഡ്രൈവർ വികാസ് പഥക് പറഞ്ഞു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. ഹാൻഡ്‌ബ്രേക്ക് ഉപയോഗിച്ചും എഞ്ചിൻ ഓഫ് ചെയ്തും വണ്ടി നിർത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും ഒടുവിൽ ബസ് മറിയുകയായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു.