deepak-shimjitha

ബസ്സിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാൻ നീക്കം. ആത്മഹത്യ പ്രേരണയ്ക്ക് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ഷിംജിത ഒളിവിലാണെന്നാണ് സൂചന. ഷിംജിതയെ രക്ഷപ്പെടാൻ പൊലീസ് അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ദീപകിന്റെ കുടുംബവും രംഗത്ത് വന്നു.

41 വയസ്സിനിടെ ആരോടും മുഖം കറുത്ത് സംസാരിക്കുകയോ മോശമായ രീതിയില്‍ പെരുമാറുകയോ ചെയ്യാത്തവനാണ് മകന്‍ ദീപക്കെന്ന് അമ്മ പറയുന്നു. അവനാകെ പേടിച്ചുപോയി, അത്രയും പാവമാണ്, ഇന്ന് വരെ ഒരാളും അവനെതിരെ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും അമ്മ പറയുന്നു. മകന്റെ ജീവിതം ഇല്ലാതാക്കിയ അവളെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പറയുന്നു. 

അതേസമയം ദീപക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്ത ഷിംജിത എവിടെയെന്ന കാര്യത്തില്‍ പൊലീസിനു വ്യക്തതയില്ലെന്നാണ് അറിയാനാകുന്നത്. ഒളിവില്‍ പോയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അതേസമയം തന്നെ അറസ്റ്റ് തടയാനായി മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കും  യുവതി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ഏതായാലും സമഗ്രമായ അന്വേഷണത്തിലേക്ക് തന്നെയാണ് പൊലീസിന്റെ നീക്കം.

ഷിംജിത പങ്കുവച്ച വിഡിയോയുടെ കാര്യത്തിലും പൊലീസിനു ചില സംശയങ്ങളുണ്ട്. വിഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം. ഒരു സീക്വൻസിൽ മാത്രമുള്ള വിഷ്വൽ അല്ല പുറത്തുവന്നിരിക്കുന്നത്.  അങ്ങനെയെങ്കില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും. മാത്രമല്ല ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ വടകരയിലുള്ള ഷിംജിതയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ദീപക്കിന്റെ മാതാപിതാക്കളെ കണ്ടും പൊലീസ് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. 

ENGLISH SUMMARY:

Moves are underway to arrest Shimjitha Mustafa, who circulated a video in the case where a young man died by suicide following allegations of sexual assault on a bus. Police sources indicate that Shimjitha has gone into hiding after a case was registered against her for abetment of suicide. Deepak’s family has also come forward, demanding that the police should not allow Shimjitha to escape.