t-sidique-reaction-in-bus-case

സ്വകാര്യ ബസില്‍വച്ച് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിട്ട യുവാവിന്‍റെ ആത്മഹത്യക്ക് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനിടെ കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്.  'തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാൻ നിയമസംവിധാനങ്ങളുണ്ട്. അവിടെ പോകുന്നതിന് പകരം സമൂഹത്തിന് വിട്ട് കൊടുക്കുന്നത് കാട്ടു നീതിയല്ലേ? വിഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ട് നീതി വാങ്ങാൻ കഴിയുമോ?' എന്നാണ് സിദ്ദിഖ് ചോദിക്കുന്നത്. 

ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ സമൂഹം ഉണർന്ന് പ്രവർത്തിക്കണം. ദീപക് പോകാൻ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് നമ്മൾ ഇത് ചർച്ച ചെയ്യുന്നത്. ദീപകിന്റേത് ഭാവിയിൽ സോഷ്യൽ മീഡിയയിൽ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകൾക്കുള്ള രക്തസാക്ഷിത്വമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. വിഡിയോ പ്രചരിപ്പിച്ച സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് വെള്ളിയാഴ്ച ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. തിരക്കുള്ള ബസിൽ വച്ച് അനുചിതമായി സ്പര്‍ശിക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ യുവതി ആരോപണത്തില്‍ ഉറച്ചുനിന്നു. പിന്നാലെ ഇന്നലെയാണ് ദീപക് ആത്മഹത്യ ചെയ്യുന്നത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

 

ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ… “എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാൻ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ…? എന്തിനാ വാവേ ഇത് ചെയ്തത്.. എന്റെ കുട്ടീന്റെ മുഖോക്കെ മാറിപ്പോയല്ലോ... എന്തിനു പാവമായിട്ട് ചെയ്തത്? എന്തിനു വാവേ ഇത് ചെയ്തത്..?” . “ആകെ ഒരു മകനേയുള്ളൂ…” അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ ഹൃദയം തകർന്ന് വാക്കുകൾ കിട്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ നെഞ്ചൊന്നാളിപ്പോയി… ആരുണ്ട് അവർക്കിനി..

 

കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവൻ നഷ്ടമായത്. സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകർക്കാൻ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകൾ അറിയാതെ ലോകം ഒരാൾക്കെതിരെ തിരിയും… ചിലർക്ക് താങ്ങാൻ കഴിഞ്ഞേക്കാം … എന്നാൽ ദീപകിന് അതിന് കഴിഞ്ഞില്ല… അപമാനഭാരത്താൽ അവൻ പോകാൻ തീരുമാനിച്ചു… തകർത്തത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷ തന്നെയായിരുന്നു. ഇനി വൈകുന്നേരങ്ങളിൽ മകൻ വരുന്നത് നോക്കിയിരിക്കാൻ ആ അമ്മയ്ക്ക് കഴിയില്ല… അച്ഛന് കഴിയില്ല… ഒരു തണൽ മരമാണ് കൊഴിഞ്ഞ് പോയത്

 

നാൽപ്പത് വയസ്സായെങ്കിലും ആ അമ്മയ്ക്ക് അവൻ ഇന്നും 'അമ്മയുടെ കുട്ടി' ആണ്. എന്തിനാണ് തന്റെ മകൻ ഇത് ചെയ്തതെന്ന് ആ പാവം അമ്മയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അവൻ ഒരു തെറ്റും ചെയ്യില്ല എന്ന് ആ അമ്മയ്ക്ക് ഉറപ്പാണ്… ആ വീഡിയോ കണ്ട ലോകം വിലയിരുത്തിയതും അതാണ്… 

 

ജീവിതത്തിന്റെ അവസാന കാലത്ത് താങ്ങാവേണ്ട മകൻ മുന്നിൽ അനക്കമില്ലാതെ കിടക്കുമ്പോൾ… അവനൊപ്പം പോകാൻ ആഗ്രഹിക്കുന്ന ഒരമ്മയുടെ നിസ്സഹായമായ കരച്ചിൽ ഉള്ളുലയ്ക്കുന്നു… ആ അമ്മയ്ക്ക് നീതി വേണം… ആ നീതി നടപ്പിലാക്കണം… 

ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം… തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാൻ നിയമസംവിധാനങ്ങളുണ്ട്. അവിടെ പോകുന്നതിന് പകരം സമൂഹത്തിന് വിട്ട് കൊടുക്കുന്നത് കാട്ടു നീതിയല്ലേ? വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ട് നീതി വാങ്ങാൻ കഴിയുമോ? 

 

ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് ആര് സമാധാനം പറയും..? ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട്, അപമാനം താങ്ങാനാവാതെ ദീപക് ജീവനൊടുക്കിയപ്പോൾ… സമൂഹം ചിലതൊക്കെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു… ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ സമൂഹം ഉണർന്ന് പ്രവർത്തിക്കണം… ദീപക് പോകാൻ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് നമ്മൾ ഇത് ചർച്ച ചെയ്യുന്നത്… ദീപകിന്റേത് ഭാവിയിൽ സോഷ്യൽമീഡിയയിൽ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകൾക്കുള്ള രക്തസാക്ഷിത്വമാണ്…ദീപകിന് നീതി ലഭിക്കണം…

ENGLISH SUMMARY:

Social media suicide highlights the dangers of online shaming. The tragic death of Deepak underscores the need for responsible social media usage and justice for victims of cyberbullying.