ശബരിമലയിലെ യഥാർത്ഥ സ്വർണപ്പാളികൾ മൊത്തത്തിൽ അടിച്ചു മാറ്റി വിറ്റതായി സംശയം. വി എസ് എസ് സി നൽകിയ ശാസ്ത്രീയ പരിശോധനാ ഫലത്തിലാണ് സ്വർണക്കൊള്ളയുടെ ആഴം പലമടങ്ങ് വർധിപ്പിച്ചേക്കാവുന്ന ഗുരുതരമായ സൂചനകൾ ഉള്ളത്. 1999 ൽ യു ബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ് നൽകിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവിൽ സന്നിധാനത്തുള്ള ദ്വാരപാലക , കട്ടിള പ്പാളികളുടെ ഘടനയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് പരിശോധനാഫലത്തിൽ പറയുന്നത്.
Also Read: ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ള; സ്ഥിരീകരിച്ച് വി.എസ്.എസ്.സി. പരിശോധനാഫലം
എന്നാൽ പാളികളുടെ കാലപ്പഴക്കം കൃത്യമായി പറഞ്ഞിട്ടില്ല. അതിനാൽ ഘടനയിലെ വ്യത്യാസം ഹൈക്കോടതിയെ അറിയിച്ച ശേഷം വി എസ് എസ് സി യുമായി വീണ്ടും ആശയവിനിമയം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതൽ വിവരങ്ങൾ വിഎസ്എസ് സിയിൽ നിന്ന് ലഭിച്ചാൽ മാത്രമേ പാളികൾ വിറ്റെന്നും നിലവിൽ ശബരിമലയിലുള്ളത് ഡ്യൂപ്ലിക്കേറ്റെന്നും ഉറപ്പിക്കാനാവൂവെന്നാണ് എസ് ഐ ടി പറയുന്നത്
ശബരിമലയിൽ നടന്നതു സ്വർണക്കൊള്ളയാണെന്നു സ്ഥിരീകരിച്ച് വിഎസ്എസ്‌സി ലാബിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശിൽപപാളികളിലെയും കട്ടിളപ്പാളികളിലെയും സ്വർണം കുറവാണെന്നു പരിശോധനയിൽ കണ്ടെത്തിയതായാണു വിവരം. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയറാക്കിയത്.
1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞു നൽകിയ പാളിയും 2019ൽ പോറ്റി സ്വർണം പൂശാനായി കൊണ്ടുപോയി തിരികെയെത്തിച്ച സ്വർണപ്പാളിയുമാണ് ശാസ്ത്രീയമായി പരിശോധിച്ചത്. ഇതിനായി പാളികളിൽനിന്ന് നിശ്ചിത അളവിൽ സ്വർണം വെട്ടിയെടുത്ത് 15 സാംപിളുകൾ ശേഖരിച്ചിരുന്നു.
സീൽ ചെയ്ത കവറിൽ കൊല്ലം വിജിലൻസ് കോടതിക്കു നൽകിയ പരിശോധനാ റിപ്പോർട്ട് കോടതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഈ റിപ്പോർട്ടാണ് ഇന്നു ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. ചെമ്പുപാളികളിലെ സ്വർണത്തിന്റെ അളവും കാലപ്പഴക്കവും വിഎസ്എസ്‌സിക്കു ശാസ്ത്രീയ പരിശോധനയിൽ നിർണയിക്കാനായി.പരിശോധനാഫലത്തിൽ കോടതിയുടെ സ്ഥിരീകരണം വന്നാൽ സ്വർണക്കൊള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണു വിലയിരുത്തൽ.
പഴയ സ്വർണപ്പാളികൾ മാറ്റിയശേഷം ശേഷം പുതിയ അച്ചുണ്ടാക്കി, ചെമ്പിൽ പുതിയ പാളികൾ നിർമിച്ച് സ്വർണം പൊതിഞ്ഞു തിരികെയെത്തിച്ചോയെന്നും പരിശോധിക്കും. കട്ടിളകളിലും ദ്വാരപാലക ശിൽപപാളികളിലും മുൻകാലങ്ങളിൽ നടത്തിയ അറ്റകുറ്റപ്പണികളെക്കുറിച്ചും വിശദമായി അന്വേഷിക്കും. ആരൊക്കെ, ഏത് കാലയളവിൽ, എന്ത് തീരുമാനപ്രകാരമാണ് സ്വർണം അഴിച്ചെടുത്തതെന്നും പരിശോധിക്കും. ഇതുവരെ ശേഖരിച്ച മൊഴികളുമായി റിപ്പോർട്ട് താരതമ്യം ചെയ്തു പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും തയാറായേക്കും.കേസിൽ പോറ്റിയടക്കമുള്ള പ്രതികൾ അറസ്റ്റിലായിട്ട് 90 ദിവസങ്ങൾ പിന്നിടുകയാണ്.