ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിന് 25 ലക്ഷത്തിന്റെ നഷ്ടമുണ്ടായി എന്ന് ഓഡിറ്റ് റിപ്പോർട്ട്. നെയ്യ് പായ്ക്ക് ചെയ്യുന്ന പ്ലാന്റിലോ, ഏറ്റുവാങ്ങി വിതരണം ചെയ്യുന്ന സ്പെഷൽ ഓഫിസറുടെ കൈവശമോ സ്റ്റോക്ക് റജിസ്റ്റർ അടക്കം ഇല്ലെന്നും കണ്ടെത്തി. ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയിൽ താൽക്കാലിക ഡ്യൂട്ടിക്ക് വന്ന ശാന്തിക്കാരെല്ലാം വിജിലൻസ് കേസിൽ പ്രതികളാണ്.
നെയ്യ് വിറ്റ വകയിൽ 3.43 കോടി വരവുണ്ടാകുന്ന സ്ഥാനത്ത് 3.17 കോടിയേ ബോർഡിൽ അടച്ചിട്ടുള്ളൂ. 25 ലക്ഷത്തി അമ്പത്തി രണ്ടായിരം രൂപയുടെ കുറവുണ്ട്. അഭിഷേക നെയ്യ് പ്രസാദം തയ്യാറാക്കുന്ന പ്ലാന്റിൽ സ്റ്റോക്ക് റജിസ്റ്റർ, ഇഷ്യൂ റജിസ്റ്റർ, ലെഡ്ജർ, മഹസ്സർ എന്നിവ സൂക്ഷിച്ചിട്ടില്ല. മെയിൻ സ്റ്റോറിൽ നിന്നു ലഭിക്കുന്ന നെയ്യുടെയും പാക്കിങ് കവറുകളുടെയോ അളവോ എണ്ണമോ ഇല്ല. നെയ്യ് ഏറ്റുവാങ്ങി വിതരണത്തിന് കൊടുക്കുന്ന ടെമ്പിൾ സ്പെഷൽ ഓഫിസർക്ക് ഓപ്പണിങ് ക്ലോസിങ് ബാലൻസുകൾ രേഖപ്പെടുത്തിയ റജിസ്റ്റർ ഇല്ല.
വിവിധ കൗണ്ടറുകളിലേക്ക് നൽകുന്ന പ്രസാദത്തിന്റെ എണ്ണം വിതരണ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുന്നില്ല. നെയ്യ് കൊടുത്തത് ഏത് കൗണ്ടറിനെന്നോ, ഡ്യൂട്ടി ചാർട്ടോ പാക്കറ്റുകൾ ഏറ്റുവാങ്ങിയ ആളുടെ പേരോ തുടങ്ങിയ വിവരങ്ങൾ നിശ്ചിത ഫോർമാറ്റിൽ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ആകെ നാല് നോട്ടുബുക്കിൽ എഴുതിയ കണക്കാണ് ഹാജരാക്കിയത്. പ്ലാന്റിൽ അടക്കം നടന്ന ക്രമക്കേടുകളും അനാസ്ഥയും കാരണം വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ഡ്യൂട്ടിക്ക് വന്ന ശാന്തിക്കാരാണ് ബലിയാടായത്. വിജിലൻസ് കേസെടുത്തപ്പോൾ കൗണ്ടറുകളിൽ ഡ്യൂട്ടിക്ക് നിന്ന എല്ലാവരെയും പ്രതി ചേർത്തു. ഇതിൽ സുബ്രഹ്മണ്യൻ പോറ്റി എന്ന ജീവനക്കാരന്റെ ക്രമക്കേട് കയ്യോടെ പിടിക്കുകയും നടപടിയെടുക്കുകയും ചെയ്തതാണ്. സുബ്രഹ്മണ്യൻ പോറ്റിയുടെ ക്രമക്കേട് ഓഫിസിൽ അറിയിച്ചത് മറ്റ് ശാന്തിക്കാരാണ്. അവരടക്കമാണ് ഇപ്പോൾ പ്രതികൾ ആയിരിക്കുന്നത്. ഇന്നലെയാണ് സന്നിധാനത്ത് വിജിലൻസ് പരിശോധന പൂർത്തിയായത്.