മലപ്പുറം പറപ്പൂരില്‍ ഇന്നലെയാണ് അമ്മയേയും രണ്ടു മക്കളേയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീണാലുങ്ങൽ സ്വദേശി സൈനബ (40), മക്കളായ ആഷിഖ് (22), ഫാത്തിമ ഫർസീല (16), എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ വീടിനു സമീപത്തെ പാടത്തുള്ള കുളത്തിൽ കുളിക്കാനായി പോയതായിരുന്നു മൂന്നുപേരും.
രണ്ടു മണിക്കൂറോളം കഴിഞ്ഞ് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഇതരസംസ്ഥാന തൊഴിലാളിയാണ് ഫാത്തിമ ഫര്‍സീലയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കരഞ്ഞുവിളിച്ച് നാട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് ഓടിയെത്തിയ സൈനബയുടെ മറ്റൊരു മകനാണ് ഉമ്മയും ചേട്ടനും എവിടെയെന്ന് ചോദിച്ചത്. സഹോദരിക്കൊപ്പം അവരും ഉണ്ടായിരുന്നെന്ന് പറഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് സൈനബയുടേയും ആഷിഖിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പൗരസമിതി നല്‍കിയ വീട്ടിലാണ് കണ്ണൂരില്‍ നിന്നും പറപ്പൂരിലെത്തിയ കുടുംബം താമസിച്ചിരുന്നത്. ആഷിഖിനെയും ഫർസീലയെയും കൂടാതെ ഒരു മകനാണ് സൈനബയ്ക്ക് ഉള്ളത്. പറപ്പൂർ ഐയുഎച്ച്എസ്എസിലെ വിദ്യാർഥിയാണ് മരിച്ച ഫാത്തിമ ഫർസീല. വേങ്ങര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു പിന്നാലെ പൊതുദർശനം നടത്തി മൃതദേഹങ്ങൾ വീണാലുങ്ങൽ കബർസ്ഥാനിൽ കബറടക്കുമെന്ന് പൗരസമിതി പ്രവർത്തകർ അറിയിച്ചു.